വരാണസിയില്‍ സ്‌ഫോടനം; പിഞ്ചുകുഞ്ഞ് മരിച്ചു

രണ്ട് വിദേശികളുള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്.
വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ഗംഗാതീരത്തുള്ള തിരക്കേറിയ സ്‌നാനഘട്ടങ്ങളിലൊന്നായ ശീതള ഘട്ടിലാണ് വൈകിട്ട് ആറരയോടെ സ്‌ഫോടനമുണ്ടായത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ മാധ്യമ സ്ഥാപനങ്ങളിലേക്ക് ഇ മെയില്‍ അയയ്ക്കുകയായിരുന്നു. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു.
സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഭക്തര്‍ പ്രാര്‍ഥനയ്ക്കായി കൂടുന്ന ദശാശ്വമേധ ഘട്ടിന്റെ തെക്കുഭാഗമാണ് ശീതള ഘട്ട്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് എല്ലാദിവസവും 5.40ന് ആരംഭിക്കുന്ന ആരതി കാണാന്‍ കൂടിയിരുന്ന അയ്യായിരത്തോളം പേര്‍ ഘട്ടിനടുത്തുനിന്ന് പിരിഞ്ഞുപോയത്. ഇതുമൂലം വന്‍ ദുരന്തം ഒഴിവായി.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പതിനെട്ടാം വാര്‍ഷികം സംഭവരഹിതമായി കടന്നുപോയതിന്റെ പിറ്റേന്നാണ് വാരാണസിയില്‍ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനം ശക്തി കുറഞ്ഞതാണെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇത് ഭീകരാക്രമണമാകാനുള്ള സാധ്യത അന്വേഷണ ഏജന്‍സികളും തള്ളിയിട്ടില്ല. ഘട്ടിന്റെ പടവുകളില്‍ ഒന്നിലാണ് സ്‌ഫോടകവസ്തു വെച്ചതെന്നാണ് പ്രാഥമിക തെളിവുകള്‍ നല്‍കുന്ന സൂചന.
സ്‌ഫോടനസ്ഥലത്തിനുടുത്തുള്ള ചവറ്റുകൊട്ടയില്‍നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു.സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സുരക്ഷ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഉത്തര്‍പ്രദേശില്‍ മുഴുവനും ദില്ലി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവടങ്ങളിലും അതിജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജനങ്ങളോട് ശാന്തത പാലിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
2006ല്‍ വാരാണസിയിലെ സങ്കട്‌മോചന്‍ ക്ഷേത്രത്തിലും പ്രധാന റെയില്‍വേ സ്‌റ്റേഷനിലും ഉണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications