പ്രസാര്‍ ഭാരതി സിഇഒയ്ക്ക് സസ്പെന്‍ഷന്‍
ദില്ലി: അഴിമതി കേസിലകപ്പെട്ട പ്രസാര്‍ഭാരതി സിഇഒ ബി.എസ്. ലല്ലിക്കെതിരായ അന്വേഷണത്തിനു രാഷ്ട്രപതിയുടെ അനുമതി. ചട്ടപ്രകാരമുള്ള സുപ്രീം കോടതി അന്വേഷണത്തിനാണ് അനുമതി. അന്വേഷണ കാലയളവില്‍ ബിഎസ് ലല്ലി സസ്‌പെന്‍ഷനിലായിരിക്കും. പ്രസാര്‍ ഭാരതി ആക്റ്റ് പ്രകാരം സുപ്രീം കോടതി ജഡ്ജി കുറ്റക്കാരനെന്നു വിധിച്ചാല്‍ മാത്രമെ സിഇഒയെ പുറത്താക്കാനാകൂ.
മന്‍മോഹന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിനേറ്റ തിരിച്ചടി കൂടിയായാണ് ലല്ലിയുടെ സസ്‌പെന്‍ഷന്‍ വിലയിരുത്തപ്പെടുന്നത്.
ടെലിവിഷന്‍ സംപ്രേഷണാവകാശങ്ങള്‍ നല്‍കിയതിലെ പക്ഷപാതവും സാമ്പത്തിക ക്രമക്കേടുമാണു ലല്ലിക്കെതിരായ എതിരായ ആരോപണങ്ങള്‍. 2006 ഡിസംബറില്‍ ആണ് ബി.എസ്. ലല്ലി പ്രസാര്‍ ഭാരതി സിഇഒ ആയി സ്ഥാനമേറ്റത്. ഇക്കാലയളവില്‍ ക്രിക്കറ്റ് സംപ്രേഷണാവകാശം സ്വകാര്യ ചാനലുകള്‍ക്കു നല്‍കിയതില്‍ അഴിമതി നടന്നതായി കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോമണ്‍വെല്‍ത്ത് സംപ്രേഷണാവകാശത്തിലും അഴിമതിയുണ്ടെന്നു കണ്ടെത്തി.
246 കോടി രൂപയുടെ ഇടപാടാണു നടന്നത്. കരാര്‍ നേടിയ കമ്പനി ആവശ്യമായ നികുതിച്ചട്ടങ്ങളും ബാങ്കിങ് രേഖകളും സമര്‍പ്പിച്ചില്ലെന്നാണു കേസ്. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി പോലും വാങ്ങാതെയാണു ലല്ലി തീരുമാനങ്ങളെടുത്തതെന്നും വ്യക്തമായിട്ടുണ്ട്.


Click it and Unblock the Notifications