ഓഹരി വിപണിയില്‍ ആശ്വാസ കയറ്റം
മുംബൈ: ഡിസംബര്‍ 10 വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ ദിവസത്തെ വന്‍ തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ ഇറക്കമാണ് ഡിസംബര്‍ പത്തിന് അവസാനിച്ചത്. ബാങ്ക്, ഓയില്‍-ഗ്യാസ്, മെറ്റല്‍ എന്നീ രംഗങ്ങളിലെ കമ്പനികളുടെ ഓഹരികള്‍ കയറി. എന്നാല്‍ ഈ കയറ്റം തുടരുമെന്ന് പറയാനാവില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
സെന്‍സെക്സ് 19,508.89 (266.53)
നിഫ്ടി 5,857.35 (90.85)
കഴിഞ്ഞ ദിവസം കൈയില്‍ ഓഹരി ഇല്ലാതെ വിറ്റ (ഷോര്‍ട്ട് സെല്ലിംഗ്) നടത്തിയവര്‍ അവ വാങ്ങാന്‍ തിരക്ക് കൂട്ടിയത് വിപണിയുടെ കയറ്റത്തിന് സഹായകമായി. ഇതിനൊപ്പം രാജ്യത്തിന്റെ വ്യവസായ വികസനത്തെ സൂചിപ്പിയ്ക്കുന്ന ഐഐപി ഡാറ്റ മികച്ചതായതും വിപണിയെ ഉണര്‍ത്തി. യൂറോപ്യന്‍ വിപണിയും മുകളിലേയ്ക്കായിരുന്നു. ഇതൊക്കെ ഇന്ത്യന്‍ ഓഹരി ഇന്‍ഡക്സുകളെ പ്രധാന റസിസ്റ്റന്‍സ് ലവലുകള്‍ക്ക് മുകളിലെത്തിയ്ക്കാന്‍ തുണയായി.
സെന്‍സെക്സ് 1.25 ശതമാനവും നിഫ്ടി 1.47 ശതമാനവുമാണ് ഉയര്‍ന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി താഴ്ന്നുകൊണ്ടിരുന്ന ബാങ്ക് ഓഹരികള്‍ കയറിയത് ശ്രദ്ധേയമായി. ബിഎസ്ഇ ബാങ്കെക്സ് 2.88 പോയന്റാണ് കയറിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, എസ്ബിഐ തുടങ്ങിയവയൊക്കെ വെള്ളിയാഴ്ച ഉയരത്തിലേയ്ക്കായിരുന്നു.
രാവിലെ വിപണി തുടങ്ങിയപ്പോള്‍ ഇന്‍ഡക്സുകള്‍ താഴോട്ടായിരുന്നു. എന്നാല്‍ ഉച്ചയോടെ കാര്യങ്ങള്‍ മാറി. ഇത് കയറ്റത്തിന്റെ തുടക്കമെന്ന് പറയാനാവില്ല. വാര്‍ത്തകളും മറ്റ് അന്താരാഷ്ട്ര സംഭവങ്ങളും അനുസരിച്ചായിരിയ്ക്കും കുറച്ച് കാലത്തേയ്ക് വിപണിയുടെ ദിശ.












Click it and Unblock the Notifications