നൊബേല്‍ ചടങ്ങ്: ചൈന ടിവി ഓഫാക്കി!
ബെയ്ജിങ്: നൊബേല്‍ പുരസ്‌കാരച്ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം ചൈനയില്‍ തടഞ്ഞു. രാജ്യാന്തര ചാനലുകളുടെ പ്രക്ഷേപണവും വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി തടഞ്ഞാണു ചൈന നൊബേല്‍ പുരസ്‌കാരച്ചടങ്ങില്‍ പ്രതിഷേധിച്ചത്.
ചൈനീസ് ജനതയെ അപമാനിക്കുന്ന രാഷ്ട്രീയനാടകമാണു വിമതനായ ലിയു സിയാബോയ്ക്കുള്ള പുരസ്‌കാരമെന്നതിനാല്‍ ചടങ്ങ് സംപ്രേഷണം ചെയ്യാനാവില്ലെന്ന നിലപാടാണു ഭരണകൂടം സ്വീകരിച്ചത്.
ശീതയുദ്ധകാലത്തെ മനസ്ഥിതിയോടെയും ജനകീയപിന്തുണയില്ലാതെയുമാണു ലിയുവിനു നൊബേല്‍ നല്‍കിയതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. 2009ല്‍ അറസ്റ്റിലായ ലിയുവിനെ ചൈനീസ് ഭരണകൂടം രാജ്യദ്രോഹക്കുറ്റമാരോപിച്ചാണു തടവിലാക്കിയത്.
അദ്ദേഹത്തെ മോചിപ്പിക്കണമെന്നും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അനുവദിക്കണമെന്നും രാജ്യാന്തരതലത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും ചൈന വഴങ്ങിയില്ല. നൊബേല്‍ പുരസ്‌കാരച്ചടങ്ങു ബഹിഷ്‌കരിക്കണമെന്നു ചൈന വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
റഷ്യയും പാകിസ്താനുമടക്കം 15 രാജ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. പുരസ്‌കാരം ചൈനാവിരുദ്ധമല്ലെന്നു ചടങ്ങില്‍ പ്രസംഗിച്ച നൊബേല്‍ സമിതി അധ്യക്ഷന്‍ വ്യക്തമാക്കി.
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പോരാളിയെന്ന നിലയിലാണു ലിയുവിനെ ആദരിച്ചത്. ലിയുവിനു മുമ്പ് സമാധാന നൊബേല്‍ നേടിയ മ്യാന്‍മര്‍ ജനാധിപത്യപോരാളി ആങ് സാന്‍ സ്യൂകിക്കും പോളണ്ട് മുന്‍ പ്രസിഡന്റ് ലേ വലേസയ്ക്കും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
സമാധാന നൊബേലിന് തന്നേക്കാള്‍ അര്‍ഹന്‍ ലിയു സിയാബോ ആണെന്നു 2009ലെ സമാധാന നൊബേല്‍ ജേതാവും യു.എസ്. പ്രസിഡന്റുമായ ബരാക് ഒബാമ പറഞ്ഞു.












Click it and Unblock the Notifications