പാര്‍ലമെന്റ് ആക്രമണത്തിന് 9 വയസ്സ്

തീവ്രവാദികളുടെ വെടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ലമെന്റിലെ ജീവനക്കാരനുമടക്കം ഒന്‍പതുപേരാണ് മരിച്ചത്. കേസില്‍ വധശിക്ഷക്ക് വിധിച്ച മുഹമ്മദ് അഫ്‌സലിന്റെ ദയാഹര്‍ജി ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
എന്‍ഡിഎയുടെ ഭരണകാലത്തുണ്ടായ പാര്‍ലമെന്റാക്രമണം ഇന്ത്യയെയും പാകിസ്ഥാനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുണ്ടായത്.
2001 ഡിസംബര്‍ 13ന് രാവിലെ പതിനൊന്നരയോടെയാണ് സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരവുമായി ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്‍പതിച്ച കാറില്‍ അഞ്ചു തീവ്രവാദികള്‍ പാര്‍ലമെന്റ് വളപ്പില്‍ കടന്നത്.
ശീതകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റില്‍ കടന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ആക്രമിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം.
എന്നാല്‍ പാര്‍ലമെന്റിന്റെ കവാടങ്ങള്‍ തക്ക സമയത്തടച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ശ്രമം വിഫലമാക്കി. തുടര്‍ന്ന് തീവ്രവാദികള്‍ നാലുപാടും നിറയൊഴിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെയും വെടിവച്ച് കൊന്നു.
കേസിലെ പ്രതികളായി ദില്ലി പൊലീസ് കണ്ടെത്തിയ 40 പേരില്‍ മൂന്ന് പേര്‍ക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. ദില്ലി സര്‍വ്വകലാശാല അധ്യാപകന്‍ എസ്എആര്‍ ഗിലാനി, മുഹമ്മദ് അഫ്‌സല്‍ ഗുരു, ഷൌക്കത്ത് ഹുസൈന്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
ഷൌക്കത്തിന്റെ ഭാര്യ നവ്‌ജോത് സന്‍ധുവിന് അഞ്ച് വര്‍ഷം കഠിനതടവും വിധിച്ചു. പിന്നീട് ഡല്‍ഹി ഹൈക്കോടതി ഗിലാനിയെയും നവ്‌ജോത് സന്ധുവിനെയും വെറുതെവിട്ടു. ഹൈക്കോടതി വധശിക്ഷ ശരിവച്ച മുഹമ്മദ് അഫ്‌സലും ഷൌക്കത് ഹുസൈനും സുപ്രീം കോടതിയെ സമീപിച്ചു.
മുഹമ്മദ് അഫ്‌സലിന്റെ വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.അതേ സമയം ഷൌക്കത്ത് ഹുസൈന്റെ വധശിക്ഷ 10 വര്‍ഷ തടവായി കുറച്ചു. പരമോന്നത കോടതിയും കൈവിട്ടതിനെത്തുടര്‍ന്നാണ് മുഹമ്മദ് അഫ്‌സല്‍ രാഷ്ട്രപതിക്ക് ദയാ ഹര്‍ജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications