എന്‍ഡോസള്‍ഫാന്‍: സിഡി മായിയെ മാറ്റും
ദില്ലി: എന്‍ഡോസള്‍ഫാന്‍ കീടനാശിനി കേരളത്തില്‍ ഉണ്ടാക്കുന്ന ദുരന്തഫലങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സി.ഡി.മായിയെ മാറ്റുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ അറിയിച്ചു.
മായിക്കു പകരം ഒരു ആരോഗ്യ വിദഗ്ധനെ അദ്ധ്യക്ഷനാക്കുമെന്നും അദ്ദേഹം അറിയിച്ചു. മുമ്പ് എന്‍ഡോസള്‍ഫാന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ മായിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതാവ് എ.സി.ഷണ്മുഖദാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്‍ ഈ ഉറപ്പു നല്‍കിയത്. കീടനാശിനി ബില്ലില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തുമെന്നും പവാര്‍ പറഞ്ഞതായി ഷണ്മുഖദാസ് അറിയിച്ചു.
നേരത്തേ കക്ഷിരാഷ്ട്രീയ ഭേമന്യേ ഒട്ടുമിക്ക നേതാക്കളും മായിയെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധമറിയിച്ചിരുന്നു. മായിയെ കാസര്‍ക്കോട്ട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീര്‍ത്തു പറഞ്ഞിരുന്നു. മായിയെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്ന് പവാറിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രകൃഷി സഹമന്ത്രി കെവി തോമസ് ഉറപ്പ് നല്‍കിയിരുന്നു.
നേരത്തേ മായി അധ്യക്ഷനായ സമിതി എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നില്ലെന്ന പഠനറിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ മാത്രമായി ജനങ്ങള്‍ക്ക് അപൂര്‍വ്വരോഗങ്ങള്‍ പിടിപെടുന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.












Click it and Unblock the Notifications