കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീജാ ശ്രീധരനെ വിളിച്ചുവരുത്തി അവഹേളിച്ചു

  • By Lakshmi
Google Oneindia Malayalam News

പാലാ: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ പ്രീജ ശ്രീധരനെ സ്വീകരണത്തിനായി വിളിച്ചുവരുത്തി ഇരിപ്പിടംപോലും നല്‍കാതെ അവഹേളിച്ചു.

പാലായില്‍ ഞായറാഴ്ച രാത്രി സ്വകാര്യ സംരംഭകര്‍ ഒരുക്കിയ ഉഷാ ഉതുപ്പ് ഷോയോടനുബന്ധിച്ചാണ് പ്രീജ ശ്രീധരനെയും പരിശീലകന്‍ തങ്കച്ചന്‍ മാത്യുവിനെയും ക്ഷണിച്ചത്.

എന്‍പിഎഫ് എന്ന പേരിലുള്ള സംഘാടകസമിതിയാണ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉഷാ ഉതുപ്പ് ഷോ സംഘടിപ്പിച്ചത്. വൈകുന്നേരത്തോടെ പ്രീജ ശ്രീധരന്‍, അല്‍ഫോന്‍സാ കോളജിലെ പരിശീലകനായ തങ്കച്ചന്‍ മാത്യു, അല്‍ഫോന്‍സാ കോളജിലെ മുന്‍ കായികാധ്യാപിക മേഴ്‌സി ജോസഫ് എന്നിവരടങ്ങുന്ന സംഘം സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തില്‍ എത്തിയെങ്കിലും ഇവരെ തടയുകയായിരുന്നുവെന്നു പ്രീജയും തങ്കച്ചന്‍ മാത്യുവും പറയുന്നു.

സ്വീകരണത്തിനു വിളിച്ചവരാണെങ്കിലും പാസില്ലാതെ പ്രവേശിപ്പിക്കാനാവില്ലെന്നാണ് തടയാനെത്തിയവരില്‍ ചിലര്‍ പറഞ്ഞത്.

സംഘാടകരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പ്രീജ പറയുന്നു. പിന്നീട് പ്രവേശനകവാടത്തില്‍ നിന്നവരോട് യാചിച്ചെന്നവണ്ണമാണ് വിശിഷ്ടാതിഥികള്‍ അകത്തു കയറിപ്പറ്റിയത്. ഒരുവിധം അകത്തുകയറിയെങ്കിലും പ്രീജയ്ക്കും സംഘത്തിനും ഇരിപ്പിടംപോലും കിട്ടിയില്ല.

ഏറെനേരം നില്‍ക്കേണ്ടി വന്ന പ്രീജ സംഘാടകരുടെ അവഗണനയില്‍ പ്രതിഷേധിച്ചു പുറത്തേക്കിറങ്ങാന്‍ തീരുമാനിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന പാലാ എസ്‌ഐ പി.വി. മനോജ്കുമാര്‍ ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

പ്രീജയെത്തിയ വിവരം തങ്കച്ചന്‍ മാത്യു പലതവണ സംഘാടകരെ അറിയിച്ചതോടെ പ്രീജയെ വേദിയിലേക്കു വിളിച്ചു. വേദിയിലെത്തിയ പ്രീജ തനിക്കു നേരിടേണ്ടിവന്ന അവഹേളനം സദസിനോട് തുറന്നു പറയുകയും ചെയ്തു.

മുമ്പ് ഇതിലേറെ ചെറിയ നേട്ടങ്ങള്‍ കൈവരിച്ചെത്തിയപ്പോള്‍ നഗരസഭ നല്‍കിയ സ്വീകരണം നന്ദിയോടെ സ്മരിച്ച പ്രീജ, സംഗീതനിശയില്‍ നേരിടേണ്ടിവന്ന അവഹേളനം വേദനയോടായാണ് പറഞ്ഞത്.

പ്രീജയ്ക്കുണ്ടായതിനേക്കാളേറെ അവഹേളനം തനിക്കും ടീമിനുമണ്ടായതായും സദസിനെ ഓര്‍ത്ത് വേദിയില്‍ എത്തുകയായിരുന്നുവെന്നും പരിപാടിയുടെ അവതാരകയായെത്തിയ രഞ്ജിനി ഹരിദാസും പറഞ്ഞു.

പ്രീജയ്ക്ക് ഏല്‍ക്കേണ്ടിവന്ന അവഹേളനം ഏറെ വേദനാ ജനകമായിരുന്നുവെന്നു പരിശീലകനായിരുന്ന തങ്കച്ചന്‍ മാത്യു പറഞ്ഞു. പ്രീജയ്ക്കു സ്വര്‍ണപ്പതക്കം നല്‍കിയും തങ്കച്ചന്‍ മാത്യുവിനെ പൊന്നാടയണിയിച്ചും ആദരിക്കുന്നതിനു സമ്മേളനത്തില്‍ പങ്കെടുക്കണമെന്നായിരുന്നു സംഘാടകസമിതി ഇവരെ അറിയിച്ചിരുന്നത്.

തങ്കച്ചന്‍ മാത്യുവിനെ വേദിയിലേക്കു പ്രവേശിപ്പിക്കാന്‍പോലും സംഘാടകര്‍ തയാറായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കായികമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X