ശശിയുടെ കസേര തെറിപ്പിച്ചത് സ്വഭാവദൂഷ്യം?
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്ത പി ശശിയ്ക്കു വിനയായത് ധാര്‍മികമൂല്യമില്ലാത്ത സ്വഭാവമാണെന്ന് റിപ്പോര്‍ട്ട്. ഒരു സിപിഎം എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവും നല്‍കിയ പരാതിയാണ് ശശിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം തെറിപ്പിച്ചത്.
എംഎല്‍എ നേരത്തെ ശശിക്കെതിരെ പരാതി നല്‍കിയെങ്കിലും ഒരു വിഭാഗം ശശിയുടെ സംരക്ഷണത്തിനെത്തുകയായിരുന്നു. ഈ സംഭവം ഒത്തുതീര്‍ന്നതിന് തൊട്ടുപിന്നാലെ സിപിഎം, ഡിവൈ എഫ്‌ഐ നേതാക്കളും പരാതിയുമായി എത്തി.
അതോടെ നേതൃത്വത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത നിലയിലായി. അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്‌ഐ ജില്ലാ നേതാവിന്റെ ഭാര്യയുടെ പരാതി നേതൃത്വം ഗൗരവത്തോടെ എടുക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മാരത്തോണ്‍ യോഗത്തിനൊടുവില്‍ ശശിയുടെ സ്ഥാനം തെറിക്കുകയായിരുന്നു.
ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയ ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു മാറ്റാനും സമ്മര്‍ദ്ദമേറിയിരിക്കുകയാണ്.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 23ന് ഉന്നത നേതാക്കളുടെ യോഗം കണ്ണൂരില്‍ ചേരുന്നുണ്ട്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതിനുശേഷം തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗമായിരിക്കും ശശിയെ മാറ്റുന്ന കാര്യം തീരുമാനിക്കുക.
ഇതിനിടെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ പ്രമുഖ ന്യൂറോ സര്‍ജന്റെ അടുത്ത് ചികില്‍സ തേടിയെത്തിയ ശശി ആയുര്‍വേദ ചികില്‍സക്കായി ബുധനാഴ്ച കോയമ്പത്തൂരിലെത്തും. കഴുത്തിന് കലശലായ വേദന കാരണമാണ് മാറി നില്‍ക്കുന്നതെന്നാണ് ശശിയും പാര്‍ട്ടിയും നല്‍കുന്ന വിശദീകരണം. ഇ.കെ.നായനാര്‍ അവസാനം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ശശി.
കാര്യമെന്തായാലും ഔദ്യോഗിക വിഭാഗത്തിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധം കിട്ടിയ ആഹ്‌ളാദത്തിലാണ് വി. എസ് വിഭാഗം.












Click it and Unblock the Notifications