കരുണാകരന്റെ നിലയില്‍ നേരിയ മാറ്റം
തിരുവനന്തപുരം: അന്തപുരി ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വെന്റിലേറ്ററിന്റെ സഹായം ഭാഗികമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അണുബാധ തടയാനുള്ള ചികിത്സകള്‍ തുടരുകയാണ്. വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ അണുബാധ നിയന്ത്രണ വിധേയമായിട്ടില്ല. രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ നേരിയ വര്‍ധനയുണ്ട്. രോഗാണു ബാധ തടയുന്നതിനുള്ള മരുന്നുകള്‍ തുടരുന്നു.
രക്തസമ്മര്‍ദ്ദം കഴിഞ്ഞ ദിവസങ്ങളിലേതു പോലെ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത വെന്റിലേറ്റര്‍ മാറ്റാന്‍ തുടങ്ങുമ്പോള്‍ മാത്രമേ വിലയിരുത്താന്‍ സാധിക്കൂ. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്ന് ചികിത്സാചുമതലയുള്ള ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.
അണുബാധയെ തുടര്‍ന്നുള്ള പനിയും ചുമയുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരുണാകരനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പൂര്‍ണമായും വെന്റിലേറ്ററിലേക്കു മാറ്റി. മക്കളായ കെ. മുരളീധരനും പത്മജയും ആശുപത്രിയിലുണ്ട്.












Click it and Unblock the Notifications