സര്‍വ്വകലാശാലാ നിയമനങ്ങള്‍ പിഎസ്‍സിയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടി സംസ്ഥാനത്ത് സോഷ്യല്‍ ഓഡിറ്റ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രിസഭാ യോഗങ്ങള്‍ വിവരിക്കവേ വി.എസ് വ്യക്തമാക്കി.
2009 നവംബര്‍ 15 ന് കാസര്‍കോട്ടുണ്ടായ പോലീസ് വെടിവയ്പ് സംബന്ധിച്ചഅന്വേഷണം നടത്തുന്നിനായി സര്‍വ്വീസില്‍ നിന്നു വിരമിച്ച ഒരു ജില്ലാ ജഡ്ജിയെ നിയമിക്കാന്‍ തീരുമാനിച്ചു. ആറു മാസമായിരിക്കും കമ്മീഷന്റെ കാലാവധി.
ഊര്‍ജ വിതരണ നവീകരണ പരിപാടിയായ ആര്‍എപിഡിആര്‍പി സ്‌കീമിന്റെ ഭാഗമായി കൊറിയന്‍ കമ്പനിയുമായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉറപ്പിച്ച നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കി റീ ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു. ടെന്‍ഡര്‍ വഴി 50 കോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായതിനേ തുടര്‍ന്നാണിത്.
16ാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങളുടെ പരിശീലകര്‍ക്ക് ഒരു ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി നല്‍കും.ഇഞ്ചക്കലില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കും.
തിരുവനന്തപുരം താലൂക്കില്‍ തിരുവല്ലത്ത് 6.95 ഏക്കര്‍ സ്ഥലം ലാറി ബേക്കര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഹാബീറ്റാറ്റ് സ്റ്റഡിസ് കാമ്പസ് നിര്‍മ്മിക്കുന്നതിനായി ഭവന വകുപ്പിനും 10 ഏക്കര്‍ സ്ഥലം ഫീഷറീസ് യൂണിവേഴ്‌സിറ്റി കേന്ദ്രം സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പിനും അരയേക്കര്‍ സ്ഥലം പൊതുവിദ്യാഭ്യാസ വകുപ്പിനും നല്‍കാന്‍ തീരുമാനിച്ചു.
തൃശൂര്‍ അഴീക്കോട് വില്ലേജില്‍ പൊതു ആവശ്യത്തിനായി സംവരണം ചെയ്തിട്ടുള്ള 12 ഏക്കര്‍ മിച്ച ഭൂമി സുനാമി ബാധിതര്‍ക്ക് സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കാന്‍ തീരുമാനിച്ചു. കോഴിക്കോട് ചെവായൂരില്‍ അഞ്ചേക്കര്‍ ഭൂമി നാഷണല്‍ ഗെയിംസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന് കൈമാറാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി വിഎസ് അറിയിച്ചു.












Click it and Unblock the Notifications