കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ അപകടനില തരണം ചെയ്യുന്നു

  • By Lakshmi
Google Oneindia Malayalam News

K Karunakaran
തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ അപകടാവസ്ഥ തരണംചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ അപകടനില തീര്‍ത്തും ഒഴിവായി എന്നു പറയാറായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ ഭാഗികമായി വെന്റിലേറ്റര്‍ ഒഴിവാക്കിയിട്ടുണ്ട്. 50 ശതമാനം സ്വന്തമായും പകുതി യന്ത്രത്തിന്റെ സഹായത്തോടെയുമാണ് അദ്ദേഹം ശ്വാസോച്ഛ്വാസം നടത്തിവരുന്നത്.

ഓരോ നാലുമണിക്കൂര്‍ കൂടുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ രക്തത്തിലെ കൗണ്ടിലും പുരോഗതിയുണ്ടായി. വെന്റിലേറ്റര്‍ പൂര്‍ണമായി മാറ്റാന്‍ കുറച്ചുസമയം കൂടിയെടുത്തേക്കും.

പനിവിട്ടത് നല്ല ലക്ഷണമാണ്. മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചു തുടങ്ങിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്- അനന്തപുരി ആശുപത്രിയില്‍ കരുണാകരനെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍ മാര്‍ത്താണ്ഡന്‍പിള്ള, ഡോക്ടര്‍ സി.ജി.ബാഹുലേയന്‍, ഡോക്ടര്‍ അനില്‍ എന്നിവര്‍ പറഞ്ഞു.

പനിയും രക്തത്തിലെ അണുബാധയുമാണ് കരുണാകരന്റെ അസുഖം. ഇതിന്റെ ഭാഗമായി ശ്വാസോച്ഛ്വാസത്തിനും തടസ്സം നേരിട്ടു. ആന്റിബയോട്ടിക് നല്‍കിയത് നെഫ്രോളജിസ്റ്റുമായി ആലോചിച്ചിട്ടാണ്.

പല അവയവങ്ങള്‍ക്കും തകരാറുള്ളതിനാല്‍ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കാന്‍ സമയമെടുക്കും. മരുന്നിന്റെ ഉപയോഗം മൂലം അബോധാവസ്ഥയുള്ളതിനാല്‍ ആളുകളെ തിരിച്ചറിയാന്‍ ഇപ്പോള്‍ കഴിയുന്നില്ല. എല്ലാദിവസവും രാവിലെയും വൈകീട്ടും മെഡിക്കല്‍ബോര്‍ഡ് ചേര്‍ന്നാണ് ചികിത്സ നിശ്ചയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കരുണാകരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി പത്മജ വേണുഗോപാലിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി. കെ. നാരായണ പണിക്കര്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ബിനോയ് വിശ്വം, രാമചന്ദ്രന്‍ കടന്നപ്പള്ളി, ആര്‍.എസ്.പി. അഖിലേന്ത്യാ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി . ആരോഗ്യനില വീണ്ടെടുക്കുംവരെ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X