സുജിത്ത് കുട്ടന് കണ്ണീരില്‍ കുതിര്‍ന്ന സ്വര്‍ണം
തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂള്‍ കായികമേയില്‍ വേഗമേറിയ താരമായി മാറിയ സുജിത്ത് കുട്ടന് കണ്ണീരില്‍ മുങ്ങിയ നേട്ടം. മുരളികുട്ടന്‍- മേഴ്‌സി കുട്ടന്‍ ദമ്പതികളുടെ മകനായ സുജിത്ത് അച്ഛന്‍ മുരളിയുടെ മരണവിവരം അറിയാതെയാണ് ട്രാക്കില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചത്.
സുജിത്ത് നേട്ടത്തിലെത്തുന്നതിന് മുമ്പേ മുരളി മരിച്ചിരുന്നു. ശനിയാഴ്ച രാവിലെയോടെതന്നെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മുരളിയെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ മരണവും സംഭവിച്ചിരുന്നു.
മത്സരത്തിന് ഒരുങ്ങിയ സുജിത്തിനെ സംഘാടകര്‍ വിവരം അറിയിക്കാതിരിക്കുകയായിരുന്നു. കായിക ജീവിതത്തില്‍ സുജിത്തിന്റെ വളര്‍ച്ചയുടെ ആദ്യപടിയായി കണക്കാക്കപ്പെട്ടിരുന്ന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സുജിത്ത് മത്സരിക്കട്ടെയെന്നും വിവരം മത്സരത്തിന് മുമ്പ് അറിയിക്കേണ്ടെന്നുമുള്ള നിലപാടിലായിരുന്നു മേഴ്‌സി കുട്ടനും.
വേഗമേറിയ താരമെന്ന സ്ഥാനത്തിന്റെ ആഹ്ലാദത്തിനൊപ്പം സുജിത്തിനെ കാത്തിരുന്നത് അച്ഛന്റെ വേര്‍പാടിന്റെ വേദനകൂടിയാണ്. രാജ്യാന്തര താരമായ മുരളി ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയിരുന്നു.
1975 മുതല്‍ 1981 വരെ പല മത്സരങ്ങളിലും സ്വര്‍ണമെഡല്‍ ജേതാവാണ് മുരളിക്കുട്ടന്‍. 1985-ല്‍ സ്പോര്‍ട്സ് കോച്ചിംഗില്‍ ഡിപ്ലോമ നേടി. ഭാര്യ ഒളിന്പ്യന്‍ മേഴ്സിക്കുട്ടന്‍.മകന്‍ സുജിത് കുട്ടന്‍. മേഴ്സിക്കുട്ടന്‍ അത്ലറ്റിക് സ്കൂള്‍ ട്രസ്റ്റിയാണ് മുരളിക്കുട്ടന്‍.
1975-ല്‍ അജ്മീറില്‍ നടന്ന ഓപ്പണ്‍ നാഷണല്‍ അതലറ്റിക് മീറ്റില്‍ 4/400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ മെഡല്‍, 1976 ല്‍ ചണ്ഡിഗഡ് ഓപ്പണ്‍ നാഷണല്‍ മീറ്റ് 4/400 മീറ്റില്‍ സ്വര്‍ണം, 1978 ലെ നാഷണല്‍ മീറ്റിലും , സംസ്ഥാന മീറ്റിലും വെള്ളി, 79 ലെ നാഷണല്‍ മീറ്റിലും സ്വര്‍ണം നേടിയിരുന്നു.
1978 മുതല്‍ 81 വരെ നാലു രാജ്യാന്തര മീറ്റുകളില്‍ പങ്കെടുത്ത മുരളിക്കുട്ടന്‍ രാജ്യത്തിനു വേണ്ടി ഒരു സ്വര്‍ണവും രണ്ടു വെങ്കലവും നേടിയിരുന്നു.












Click it and Unblock the Notifications