എഐസിസി സമ്മേളനത്തില്‍ വാക്‌പോര്
ബുറാഡി: പ്രതിനിധികളുടെ പ്രതിഷേധം വാക്‌പോരില്‍ കലാശിച്ചത് എഐസിസി സമ്പൂര്‍ണസമ്മേളനവേദിയെ കുറെ നേരത്തേക്ക് അലങ്കോലപ്പെടുത്തി. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിക്ക് കാരണം നേതാക്കളുടെ പിടിപ്പുകേടും അഴിമതിയുമാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവരടക്കം മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ, ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് എതിരെ ബിഹാറില്‍ നിന്ന് എത്തിയ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് മുകുള്‍ വാസ്‌നിക്കിന് ടിക്കറ്റ് നല്‍കിയതെന്ന് ആരോപിച്ചായിരുന്നു ബഹളം.
തകരാറിലെ മൈക്ക് നേരെയാക്കാന്‍ മുകുള്‍ വാസ്‌നിക്ക് എത്തിയതോടെയാണ് ബഹളമാരംഭിച്ചത്. മുകുളിനെ വേദിയില്‍ കണ്ടയുടനെ ബിഹാറില്‍ നിന്നുള്ളവര്‍ ചാടിയെണീറ്റു. തുടര്‍ന്ന് മുകുള്‍ വാസ്‌നിക് ഗോബാക്ക് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു.
പാര്‍ട്ടിയെ സംസ്ഥാനത്ത് ദയനീയമായി തോല്‍പിച്ചു കളഞ്ഞതിന് ഉത്തരവാദി വാസ്‌നിക്കാണെന്ന് എ.ഐ.സി.സി പ്രതിനിധികള്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയാക്കാന്‍ വാസ്‌നിക് 25 ലക്ഷം രൂപ വരെ വാങ്ങിയെന്നും ഇവര്‍ ആരോപിയ്ക്കുന്നു.
മുകുള്‍ വേദിയില്‍ നിന്ന ഒഴിഞ്ഞെങ്കിലും ബിഹാര്‍ പ്രതിനിധികളുടെ രോഷം അടങ്ങിയില്ല. അവര്‍ പിന്നെയും ബഹളം തുടര്‍ന്നു. ഒടുവില്‍ ഒടുവില്‍ സേവാദള്‍ വളണ്ടിയര്‍മാര്‍ എത്തി അവരെ സമ്മേളന ഹാളില്‍ നിന്ന് മാറ്റി. അതിനിടെ, വാസ്‌നിക്കിന് വേണ്ടിയും മുദ്രാവാക്യം വിളിയുയര്‍ന്നു.












Click it and Unblock the Notifications