29മുതല്‍ ഓട്ടോ-ടാക്‌സി അനിശ്ചിതകാല സമരം
കണ്ണൂര്‍: ഇന്ധന വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു എന്നീ സംഘടനകള്‍ ചേര്‍ന്ന രൂപീകരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 29 മുതലാണ് സമരം നടത്തുന്നത്. നിരക്ക് വര്‍ദ്ധനവിന് പുറമെ മറ്റു ചില ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷകള്‍ക്ക് നഗരപ്രദേശങ്ങളിലും മലയോരങ്ങളിലും വ്യത്യസ്ത നിരക്കുകള്‍ നിശ്ചയിക്കുക, ഫെയര്‍മീറ്റര്‍ സൗജന്യമായി നല്‍കുക, മോട്ടോര്‍ തൊഴിലാളികള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുക, കള്ളടാക്‌സികള്‍ തടയുക, റോഡ് നന്നാക്കുക തുടങ്ങിയവയാണ് സംഘടനകളുടെ മറ്റു ആവശ്യങ്ങള്‍.
ചാര്‍ജ് അവസാനമായി ഈ വര്‍ഷം മാര്‍ച്ചില്‍ പുതുക്കിയ ശേഷം പെട്രോള്‍ വിലയില്‍ ലിറ്ററിന് എട്ടു രൂപ വര്‍ധന ഉണ്ടായതായി സമരക്കാര്‍ പറയുന്നു. ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ആഗസ്റ്റില്‍ ഗതാഗത മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഈ മാസം 15നു സൂചനാ പണിമുടക്കു നടത്തിയിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കു നടത്തുന്നതെന്ന് സംയുക്ത സമര സമിതി അറിയിച്ചു.












Click it and Unblock the Notifications