പുതുവര്‍ഷത്തില്‍ യുപിഎ മുഖം മിനുക്കുന്നു
ദില്ലി: അഴിമതിയും അപവാദങ്ങളും തുടച്ചുനീക്കി പുതുവര്‍ഷത്തില്‍ യുപിഎ സര്‍ക്കാര്‍ മുഖം മിനുക്കാനൊരുങ്ങുന്നു.
ഇതിന്റെ ഭാഗമായി ജനുവരി അവസാനത്തോടെ കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കുമെന്നാണ് സൂചന.
ചില കാബിനറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം ഉണ്ടാവും. ചിലര്‍ക്ക് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തമാവും ലഭിക്കുകയെന്നും അറിയുന്നു.
അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും തീരുമാനം.
എസ്എം കൃഷ്ണയ്ക്ക് വിദേശകാര്യ വകുപ്പ് നഷ്ടമായേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആനന്ദ് ശര്‍മ്മയ്ക്ക് ആയിരിക്കും ഇനി വിദേശകാര്യ വകുപ്പിന്റെ ചുമതലയെന്നും കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകളിലും മാറ്റമുണ്ടായേക്കാമെന്നാണ് സൂചന.
ബീഹാറിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് വിവാദ നായകനായിരിക്കുന്ന കേന്ദ്ര സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി മുകുള്‍ വാസ്‌നിക്കിനെ പാര്‍ട്ടി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കിയേക്കും.
അതേസമയം ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ആന്ധ്ര ഘടകം ഊര്‍ജ്ജ്വസ്വലമാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചേക്കും.
പാര്‍ട്ടി ഉത്തരവാദിത്തത്തിലേക്ക് മടങ്ങാന്‍ അംബികാസോണി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ഇതും പരിഗണിക്കപ്പെടുമെന്നാണ് സൂചന.












Click it and Unblock the Notifications