ബോഫോഴ്‌സ് വീണ്ടും; കോണ്‍ഗ്രസിന് തലവേദന
ദില്ലി: ബോഫോഴ്‌സ് ആയുധ ഇടപാടില്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിക്കൂട്ടില്‍. ആയുധ ഇടപാടില്‍ ഇടനിലക്കാരായ വിന്‍ ഛദ്ദയ്ക്കും ഒട്ടാവിയോ ക്വത്‌റോക്കിക്കും കമ്മിഷനായി സര്‍ക്കാര്‍ 41 കോടി രൂപ നല്‍കിയെന്നും ഇതിന് ഇവര്‍ നികുതി അടയ്ക്കണമെന്നുമുള്ള ആദായ നികുതി ട്രിബ്യൂണലിന്റെ ഉത്തരവാണ് കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്.
1987-88, 1988-89ലുമായി വിന്‍ ഛദ്ദ യഥാക്രമം 52 കോടിയും 85 ലക്ഷവും ആദായ നികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ഛദ്ദയുടെ മകന്‍ ആദായ നികുതി അപ്പീല്‍ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ആദായ നികുതി അപ്പീല്‍ ട്രിബ്യൂണലിന്റെ വിധിയിലാണ് ഛദ്ദയും നെഹ്‌റു കുടുംബവുമായി അടുത്തബന്ധമുള്ള ക്വത്‌റോക്കിയും ഇടനിലപ്പണം കൈപ്പറ്റിയ വിവരം സൂചിപ്പിച്ചിട്ടുള്ളത്.
1986ല്‍ നടന്ന 1437 കോടിയുടെ ആയുധ ഇടപാടില്‍ ഇടനിലക്കാരില്ലെന്നാണ് ആയുധനിര്‍മാതാക്കളായ ബോഫോഴ്‌സ് വാദിച്ചിരുന്നത്. കരാറിനു വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ 41 ലക്ഷം രൂപ വിന്‍ ഛദ്ദയ്ക്കും ഒട്ടാവിയോ ക്വത്‌റോക്കിക്കും നല്‍കിയെന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍.
ഇടപാടു വിവരങ്ങള്‍ ഒളിച്ചുവയ്ക്കാനായി ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറ്റം ചെയ്തിരുന്നതെന്നും വിധിയില്‍ പറയുന്നു. ഛദ്ദയുടെ പനാമ ആസ്ഥാനമായ സ്വന്‍സ്‌ക ഇന്‍കോര്‍റേറ്റ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ജനീവയിലെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയിട്ടുള്ളത്.


Click it and Unblock the Notifications