ശ്രീനിജനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി.വി ശ്രീനിജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉത്തരവിട്ടു.
മട്ടാഞ്ചേരി സ്വദേശി ഷമീര്‍ വളവത്ത് നല്‍കിയ പരാതിയിലാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു കൈമാറി.
ലോട്ടറി വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ നടപടി സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനു തൊട്ടടുത്ത ദിവസം തന്നെയാണു പാര്‍ട്ടിയെ അലോസരപ്പെടുത്തുന്ന വിഎസിന്റെ പുതിയ നടപടി.
ശ്രീനിജന്‍ വിഷയത്തില്‍ കടുത്ത മൗനംപാലിച്ച സിപിഎം നേതൃത്വത്തെ ഞെട്ടിക്കുന്നതായിമാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ നടപടി.
മുഖ്യമന്ത്രിയുടെ ഉത്തരവിന്മേല്‍ ആഭ്യന്തര വകുപ്പ് എന്തു നടപടിയെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. തിങ്കളാഴ്ചയാണ് ഷമീറിന്റെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഫാക്‌സ് സന്ദേശമായി ലഭിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി.വി. ശ്രീനിജിന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തെളിവുസഹിതം അനവധി വാര്‍ത്തകള്‍ വന്നെങ്കിലും രാഷ്ട്രീയ സ്വാധീനംമൂലം കേന്ദ്ര സര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകുന്നില്ലെന്നു പരാതിയില്‍ ആരോപിച്ചു.
അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം അന്വേഷിക്കണമെന്നും ഷമീര്‍ പരാതിയില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ശ്രീനിജിനെതിരെ അന്വേഷണം വേണമെന്നു കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനം നടത്തി ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടതുള്‍പ്പടെ എല്ലാകാര്യങ്ങളിലും പാര്‍ട്ടിമുഖപത്രമായ ദേശാഭിമാനിയും മൗനം പാലിക്കുകയായിരുന്നു.
ജസ്റ്റിസ് ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പ്രസ്താവന പോലും പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐ നേതാക്കളെ പാര്‍ട്ടി നേതൃത്വം ശാസിക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസ് ബാലകൃഷ്ണനുമായി പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ക്കുള്ള അടുപ്പം വ്യക്തമായി അറിയാവുന്ന മുഖ്യമന്ത്രി അതിനാല്‍ തന്നെയാണു പരാതി ലഭിച്ച അതേ ദിവസം തന്നെ ഉത്തരവിട്ടതെന്നും സൂചനയുണ്ട്.












Click it and Unblock the Notifications