നവവധുവിന്റെ മരണം; ഭര്‍ത്താവ് കസ്റ്റഡിയില്‍
ആലപ്പുഴ: നവവധു ദുരൂഹസാഹചര്യത്തില്‍ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.
എടത്‌ല തലവടിയില്‍ കുര്യന്റെ ഭാര്യ ലിസി (34)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ലിസിയെ ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. പിറ്റേന്ന് ലിസിയുടെ സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടക്കവേ നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തി കുര്യനെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യ ഹൃദ്‌രോഗിയായിരുന്നെന്നും താന്‍ പുറത്തുപോയി വന്നപ്പോള്‍ മുറിക്കുള്ളില്‍ കിടക്കുന്നതാണു കണ്ടതെന്നും മരിച്ചെന്ന് ബോധ്യമായതിനാലാണ് ആശുപത്രിയില്‍ കൊണ്ടുപോകാഞ്ഞതെന്നും മൊഴി നല്‍കി.
മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തിനുപിന്നില്‍ മുറിവുകണ്ടതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഭാര്യ ഷാളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും താന്‍ ഷാള്‍ അറുത്ത് നിലത്തിടുകയായിരുന്നെന്നുമാണ് ഇയാള്‍ പറഞ്ഞത്.
കൊലപാതകമാണെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരുന്നു. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എടത്വായിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകിട്ടിയാലെ മരണകാരണം വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു. എട്ടുമാസം മുമ്പായിരുന്നു വിവാഹം. ചെങ്ങന്നൂര്‍ ആലാ വടക്കുംമുറി ചെറുവരമ്പത്ത് പി.ടി വര്‍ഗീസിന്റെ മകളാണ്.












Click it and Unblock the Notifications