കൃഷ്ണയ്യര്‍ക്കെതിരെ രാംകുമാര്‍ നിയമയുദ്ധത്തിന്

കൃഷ്ണയ്യര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്നാണ് രാംകുമാര്‍ പറയുന്നത്. കൃഷ്ണയ്യര്‍ക്ക് ഇക്കാര്യം കാണിച്ച് വക്കീല്‍ നോട്ടീസ് അയയ്ക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെ പിന്തുണയ്ക്കുന്ന രീതിയില്‍ അഡ്വക്കേറ്റ് രാംകുമാര്‍ സംസാരിച്ചിട്ടുള്ളത് മറ്റൊരു അഴിമതിയുടെ ചരിത്രമാണെന്ന രീതിയില്‍ വി.ആര്‍. കൃഷ്ണയ്യര്‍ പ്രതികരിച്ചുവെന്നാണ് ആരോപണം.
ഈ അധിക്ഷേപവും ആരോപണങ്ങളും അടിസ്ഥാനരഹിതമായതിനാല്‍ വി.ആര്‍. കൃഷ്ണയ്യര്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് മുഖേന വക്കീല്‍ നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചുവെന്ന് രാംകുമാര്‍ പറഞ്ഞു. ഈ തുക ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് എളുപ്പത്തില്‍ തരാന്‍ കഴിയുമല്ലോ എന്നും രാംകുമാര്‍ പറഞ്ഞിട്ടുണ്ട്.
ഇതിനിടെ ബീഹാറില്‍ നിന്നുള്ള ആരെയും സുപ്രീംകോടതി ജഡ്ജിയാ ക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നു കൃഷ്ണയ്യര്‍ വ്യക്തമാക്കി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയ്ക്കു സ്വീകരണം നല്‍കുന്നതിനു ലക്ഷങ്ങള്‍ ചെലവഴിച്ചെന്ന അരാംകുമാറിന്റെ ആരോപണം പച്ചക്കള്ളമാണെന്നും കപാഡിയയ്ക്കു സ്വീകരണം നല്‍കിയതില്‍ ശാരദ കൃഷ്ണ സദ്ഗമയ ഫൌണ്ടേഷന് ഒരു രൂപ പോലും ചെലവില്ലെന്നു കൃഷ്ണയ്യര്‍ പറഞ്ഞു. കപാഡിയ തന്നെയാണ് എല്ലാ ചെലവും വഹിച്ചത്.
ചടങ്ങുനടന്ന താജ് റസിഡന്‍സി ഹോട്ടല്‍ പണം ഈടാക്കിയില്ല. മദ്രാസ് മുന്‍ എംഎല്‍എ എന്ന നിലയിലുള്ള പെന്‍ഷന്‍ താന്‍ സ്വീകരിച്ചിട്ടില്ല.
രണ്ടുലക്ഷം രൂപയുടെ കണ്ണട ഉപയോഗിക്കുന്ന ഞാന്‍ ആഡംബര ജീവിതമാണു നയിക്കുന്നത് എന്ന ആരോപണവും തെറ്റാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വാങ്ങിയ കണ്ണടയുടെ വിലയായ 1,80,000 രൂപ സംസ്ഥാന സര്‍ക്കാരാണു ലഭ്യമാക്കിയത്.
മുന്‍ എംഎല്‍എ എന്ന നിലയിലാണിത്. എനിക്കു കെ.ജി. ബാലകൃഷ്ണനെതിരെ രഹസ്യ അജന്‍ഡയൊന്നുമില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications