ഇത് മമത ബാനര്‍ജി; തീവണ്ടിയില്‍ ജനിച്ചവള്‍
കര്‍ണല്‍(ഹരിയാന): ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ ജനിച്ച പെണ്‍കുഞ്ഞിന് കേന്ദ്രറെയില്‍വേ മന്ത്രി മമത ബാനര്‍ജിയുടെ പേരിട്ടു. ബരൗണി എക്‌സ്പ്രസില്‍ ശനിയാഴ്ച ജനിച്ച കുഞ്ഞിനാണ് മന്ത്രിയുടെ പേരിട്ടിരിക്കുന്നത്.
തീവണ്ടിയുടെ എസ്-9 കംപാര്‍ട്‌മെന്റിലാണ് പ്രസവം നടന്നത്. വണ്ടി കുരുക്ഷേത്രയ്ക്കും കര്‍ണല്‍ സ്റ്റേഷനിലും ഇടയിലെത്തിയപ്പോഴാണ് പ്രസവം നടന്നത്.
തീവണ്ടി കുരുക്ഷേത്ര നഗരം വിട്ടുകഴിഞ്ഞപ്പോഴാണ് ആരതിയ്ക്ക് പേറ്റുനോവുണ്ടായത്. തുടര്‍ന്ന് കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന വനിതായാത്രക്കാരെല്ലാം ഇവരെസഹായിക്കാനെത്തി. തീവണ്ടി അടുത്തസ്റ്റേഷനായ കര്‍ണലില്‍ എത്തുന്നതിന് മുമ്പേ ആരതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഇതിനിടെ സംഭവം അറിഞ്ഞ റെയില്‍വേ പൊലീസ് കര്‍ണല്‍ സ്റ്റേഷന്‍ അധികൃതര്‍ക്ക് സന്ദേശം കൈമാറിയിരുന്നു. ഇവിടെ ആരതിയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സ് തയ്യാറായി നിന്നിരുന്നു.
കര്‍ണലലില്‍ വച്ച് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ടുപേരും സുഖമായിരിക്കുന്നുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ സുഖപ്രസവം നടന്നതിനാലാണ് കുഞ്ഞിന് മമത ബാനര്‍ജിയുടെ പേരിടാന്‍ തീരുമാനിച്ചതെന്ന് ആരതിയുടെ ഭര്‍തൃപിതാവ് ദയാനന്ദ് പറഞ്ഞു.
ദയാനന്ദായിരുന്നു യാത്രയില്‍ ആരതിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ആരതിയുടെ മൂന്നാമത്തെ കുഞ്ഞാണ് മമത ബാനര്‍ജി.












Click it and Unblock the Notifications