ശനി ശിങ്കനാപ്പൂരില്‍ പൂട്ടില്ലാത്ത ബാങ്ക്
മുംബൈ: പൂട്ടുകളില്ലാത്ത വീടുകളുടെയും കടകളുടെയും പേരില്‍ പ്രശസ്തമായ മഹാരാഷ്ട്രയിലെ ശനി ശിങ്കനാപ്പൂരില്‍ ഇനി പൂട്ടില്ലാത്ത ബാങ്കും.
യുണൈറ്റഡ് കൊമേഴ്‌സ്യല്‍ ബാങ്കാണ്(യുസിഒ) ഇവിടെ പൂട്ടുകളില്ലാത്ത ശാഖ തുറന്നിരിക്കുന്നത്. ബാങ്കുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ചെറിയ ഗ്രാമമാണ് ശനി ശിങ്കനാപൂര്‍. ഇവിടെയുള്ള ശനി ദേവക്ഷേത്രം പ്രശസ്തമാണ്. ശനിദേവന്‍ കവര്‍ച്ചകളില്‍ നിന്നും മറ്റും തങ്ങളെ കാത്തുകൊള്ളുമെന്നും അതിനാല്‍ കെട്ടിടങ്ങള്‍ക്കൊന്നും വാതിലുകളും പൂട്ടുകളും വേണ്ടെന്നുമാണ് ഇവിടത്തെയാളുകളുടെ വിശ്വാസം.
ഈ ഗ്രാമത്തില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ ചരിത്രമാണ് ബാങ്കിന് പ്രചോദനമായത് . പ്രതിദിനം 5,000 തീര്‍ത്ഥാടകരാണ് ഗ്രാമത്തിലെത്തുന്നത് . ചിലപ്പോള്‍ ഇത് ഒരു ലക്ഷത്തിലേക്ക് കടക്കുകയും ചെയ്യും.
എന്‍സിപി എംഎല്‍എ ശങ്കര്‍ ഗദഖ് ആണ് തീര്‍ത്ഥാടകര്‍ക്കായി ശാഖ തുറക്കാന്‍ ബാങ്കുകളെ സമീപിച്ചത് . എന്നാല്‍ യുസിഒ മാത്രമാണ് ഈ ആവശ്യം അംഗീകരിച്ച് മുന്നോട്ടുവന്നത്.
വീടുകളില്‍ നിന്ന് വ്യത്യസ്ഥമായി ബാങ്ക് ഓഫീസിന് കതകുകളുണ്ട് . എന്നാല്‍ അവ പൂട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പക്ഷേ സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും മറ്റും സൂക്ഷിക്കുന്ന ലോക്കറുകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തും. ഇവിടെ എടിഎം സെന്റര്‍ തുടങ്ങാനും ബാങ്കിന് പദ്ധതിയുണ്ട്












Click it and Unblock the Notifications