പീഡനക്കേസില്‍ പാപ്പാന്‍ അറസ്റ്റില്‍; ആന ഇടഞ്ഞു
കൊല്ലം: ആനയെ എഴുന്നള്ളത്തിനു കൊണ്ടുവന്ന പാപ്പാന്‍ ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായി. പാപ്പാനെ പോലീസ് കൊണ്ടുപോയതിനെത്തുടര്‍ന്ന് ഇടഞ്ഞ ആന നാട്ടില്‍ പരിഭ്രാന്തി പരത്തി.
കൊല്ലം ശക്തികുളങ്ങര ക്ഷേത്രത്തില്‍ ഉത്സവഎഴുന്നള്ളത്തിനു കൊണ്ടുവന്ന ശ്രീവല്ലഭദാസ് എന്ന ആനയുടെ പാപ്പാന്‍ കവിയൂര്‍ സ്വദേശി ബിജു(34)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12നു കീഴ് വായ്പൂരില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയുടെ രണ്ടാനച്ഛനാണ് ബിജു. ബിജുവും മറ്റൊരു യുവാവും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
കാമുകന്റെ പീഡനത്തിനിരയായ തിരുവല്ലക്കാരിയായ കൂട്ടുകാരിക്കൊപ്പമാണ് പെണ്‍കുട്ടി വീടുവിട്ടത്. സംശയാസ്പദമായി മങ്കൊമ്പില്‍ കണ്ടെത്തിയ കുട്ടികളെ ചോദ്യംചെയ്തപ്പോഴാണ് പീഡനകഥ പുറത്തായത്.
കേസില്‍ യുവാവിനെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. പെണ്‍കുട്ടിയുടെയും മാതാവിന്റെയും പരാതിയെ തുടര്‍ന്ന് കീഴ്‌വായ്പൂര് പോലീസാണ് കേസ് അന്വേഷിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് ബിജുവിനെ തേടി ശക്തികുളങ്ങരയിലെത്തിയത്.
രാത്രിതന്നെ ക്ഷേത്രത്തിനു സമീപം ആനയോടൊപ്പമുണ്ടായിരുന്ന ബിജുവിനെ കസ്റ്റഡിയിലെടുത്തു. ആനയെ നോക്കാനായി മറ്റാരും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇടഞ്ഞ ആന ആരേയും അടുപ്പിക്കാന്‍ തയാറായില്ല.
പോലീസ് മറ്റു പല പാപ്പാന്മാരെയും കൊണ്ടുവന്നെങ്കിലും ആന ശാന്തനായില്ല. സമീപസ്ഥലങ്ങളില്‍ ആനനാശനഷ്ടങ്ങളുണ്ടാക്കി.
പിന്നീട് പോലീസ് അറിയിച്ചതനുസരിച്ച് ദയ സ്‌ക്വാഡിലെ ഡോക്ടര്‍ ജേക്കബ് എത്തി മയക്കുവെടി വച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മയങ്ങിയ ആനയെ ജേക്കബിന്റെ നേതൃത്വത്തില്‍ തളച്ചു. ബിജുവിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications