മേഘയില്‍ നിന്ന് മുന്‍കൂര്‍ നികുതി സ്വീകരിച്ചില്ല

2011 ഫെബ്രുവരി ഏഴു മുതല്‍ 28 വരെയും, മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയുള്ള നികുതി മുന്‍കൂറായി ഒടുക്കാന്‍ തയ്യാറായാണ് മേഘ പാലക്കാട്ടെ വാണിജ്യ നികുതി ഓഫീസിലെത്തിയത്. എന്നാല്‍ മേഘയില്‍ നിന്ന് നികുതി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ നികുതി സ്വീകരിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍ ഭാസ്‌കരന്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ പ്രതിനിധികളെ അറിയിക്കുകയായിരുന്നു.
ലോട്ടറി കേസില്‍ സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ വിശദാംശങ്ങള്‍ പഠിച്ചതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാന ലോട്ടറി ഏജന്‍സികളില്‍ നിന്ന് നികുതി സ്വീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി നികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മേഘയില്‍ നിന്ന് നികുതി സ്വീകരിക്കാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സ് ഭേദഗതിയിലെ ഒരു ചട്ടം മാത്രമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തതെന്നും, അത് ലോട്ടറി ഓര്‍ഡിനന്‍സിനെ ബാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രിയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് സൂചനകളുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ലോട്ടറി ഓര്‍ഡിനന്‍സിനെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് വിട്ടിരുന്നു. മുന്‍ ഉത്തരവുപ്രകാരം മുന്‍കൂര്‍ നികുതി പിരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. നികുതി പിരിക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ ബാധകമാക്കേണ്ടതില്ലെന്നും ജസ്റ്റിസ് സി.കെ അബ്ദുള്‍റഹീം പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications