മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് ചെന്നിത്തല

വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്ന ചെന്നിത്തല ഇപ്പോള്‍ മത്സരിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടാണ് ചെന്നിത്തല കച്ചകെട്ടുന്നതെന്നാണ് സൂചന.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാതിരിക്കാനും ആ സ്ഥാനത്തേക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനെ കൊണ്ടുവരാനുമുള്ള എ കെ ആന്റണിയുടെ ശ്രമങ്ങളെ പ്രതിരോധിക്കാനായാണ് ചെന്നിത്തലയുടെ പുതിയ കരുനീക്കം.
ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് മാത്രം കോണ്‍ഗ്രസിന് തുടര്‍ച്ചയായി മുഖ്യമന്ത്രിയുണ്ടാകുന്നത് അവസാനിപ്പിക്കണമെന്ന ശക്തമായ നിര്‍ദ്ദേശം ആന്റണി ഉയര്‍ത്തുമെന്നുള്ളത് ഉറപ്പാണ്. അപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകാനുള്ള സാധ്യത കുറയും. ആ സാഹചര്യത്തില്‍ ശങ്കരനാരായണനെ കയറ്റാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാനാണ് ചെന്നിത്തലയുടെ ശ്രമം.
നായര്‍ സമുദായത്തിന്റെ പ്രതിനിധി എന്നത് ശങ്കരനാരായണന് അനുകൂല ഘടകമാണെന്ന് ആന്റണി കണക്കുകൂട്ടുന്നു. എന്നാല്‍, അതേ ഘടകം തന്നെ ആയുധമാക്കാനാണ് ചെന്നിത്തല ശ്രമിച്ചേയ്ക്കുക.
എന്‍ എസ് എസിന്റെ പിന്തുണ ഇപ്പോള്‍ ശങ്കരനാരായണനേക്കാള്‍ അവകാശപ്പെടാനാകുന്നത് ചെന്നിത്തലയ്ക്കാണ്. മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള ശ്രമങ്ങളില്‍ ചെന്നിത്തലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുമുണ്ട്.
ചെന്നിത്തലയ്ക്ക് മത്സരിക്കുന്നതില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ ജി കാര്‍ത്തികേയനെ മുന്നില്‍ നിര്‍ത്തി ശങ്കരനാരായണനെ പ്രതിരോധിക്കാനും തീരുമാനമായതായി അറിയുന്നു.
ഹരിപ്പാട്, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കാനാണ് ചെന്നിത്തല തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. എന്‍ എസ് എസിന് കരുത്തുള്ള മണ്ഡലങ്ങളാണിവ.












Click it and Unblock the Notifications