ഗുണ്ടയായ മകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു
വടക്കഞ്ചേരി: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വടക്കഞ്ചേരി ആമക്കുളം മമ്മിക്കുട്ടിയുടെ മകന്‍ മമ്മി സുലൈമാനെ (27)യാണ് പിതാവ് വെട്ടിക്കൊന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. ഒട്ടേറെ മോഷണക്കേസുകളിലും സ്ത്രീപീഡനം, ഗുണ്ടാ ആക്രമണക്കേസുകളിലും പ്രതിയാണ് ഇയാള്‍. ഗുണ്ടാ ആക്ട് പ്രകാരം രണ്ട് തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
സുലൈമാന്റെ ക്രൂരതകള്‍ സഹിക്കവയ്യാതെ വിഷംകഴിച്ച് ആശുപത്രിയിലായ സഹോദരി ബുധനാഴ്ചയാണ് ആശുപത്രിയില്‍നിന്നും വീട്ടില്‍ മടങ്ങിയെത്തിയത്. രണ്ട് വര്‍ഷം മുമ്പ് വിവാഹിതനായ സുലൈമാന്റെ ഭാര്യ മര്‍ദ്ദനം സഹിക്കവയ്യാതെ പിണങ്ങിപ്പോവുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാത്രി വീട്ടിലെത്തിയ സുലൈമാന്‍ മാതാപിതാക്കളെയും സഹോദരിയേയും ഇവരുടെ മക്കളേയും ക്രൂരമായി മര്‍ദ്ദിക്കുകയും വീട്ടില്‍നിന്നും ഇറങ്ങിപ്പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും വീട്ടിലെത്തി അക്രമം തുടര്‍ന്നപ്പോള്‍ പിതാവ് സുലൈമാനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു.
വെട്ടേറ്റു വീട്ടില്‍നിന്നും ഇറങ്ങിയോടിയ സുലൈമാനെ ആമക്കുളം ബസ് സ്‌റ്റോപ്പിന് സമീപംവച്ച് വീണ്ടും വെട്ടിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് വടക്കഞ്ചേരി പോലീസ് സുലൈമാനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.












Click it and Unblock the Notifications