കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കണം: ഉമ്മന്‍ ചാണ്ടി

വൈകിയാണെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നത്. റൗഫ് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും വധഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന കുഞ്ഞാലിക്കുട്ടിയുടെ ആരോപണം സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതിനിടെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഭീഷണി മുസ്ലീം ലീഗ് ഒറ്റക്കെട്ടായി നേരിടുമെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഇതു കുഞ്ഞാലിക്കുട്ടിയെന്ന വ്യക്തിക്കെതിരെ മാത്രമുള്ള നീക്കമല്ല പാര്‍ട്ടിയ്്‌ക്കെതിരെ തന്നെയുള്ള നീക്കമാണ്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന ലേബല്‍ ഉപയോഗിച്ചു റൗഫ് പലകാര്യങ്ങളും നേടിയിട്ടുണ്ട്. ഇതു കുഞ്ഞാലിക്കുട്ടി പോലും മനസിലാക്കിയതു വളരെ വൈകിയാണ്- മുനീര്‍ പറഞ്ഞു.
അതേസമയം കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ സാഹചര്യത്തില്‍ വിവാദമായ ഐസ്‌ക്രീം കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ഐഎന്‍എല്‍ സെക്യുലര്‍ രംഗത്തെത്തി.
കോടതിയെപ്പോലും വിലകൊടുത്ത് ഐസ്‌ക്രീം കേസ് അട്ടിമറിച്ചുവെന്നാണ് വെളിപ്പെടുത്തലിന്റെ സാരമെന്ന് ഐഎന്‍എല്‍ സെക്യുലര്‍ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് പറഞ്ഞു.
ഇരകളെ മൊഴിമാറ്റിച്ചതുള്‍പ്പെടെ കേസ് അട്ടിമറിച്ചതിന് പ്രതിഫലമായാണ് റൗഫിനെ കുഞ്ഞാലിക്കുട്ടി സഹായിച്ചതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥനായിരുന്ന ബി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണം- അബ്ദുള്‍ അസീസ് പറഞ്ഞു.












Click it and Unblock the Notifications