രാജിയ്ക്ക് സമ്മര്‍ദ്ദം; വഴങ്ങാതെ തോമസ്

സിവിസി നിയമനം സംബന്ധിച്ച കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി മൂന്നിനു സുപ്രീം കോടതിയില്‍നിന്നു കാര്യമായ പരാമര്‍ശങ്ങളുണ്ടാകുകയാണെങ്കില്‍ രാജിക്കാര്യം ആലോചിക്കാമെന്ന നിലപാടാണു തോമസിന്റേതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു.
ഇപ്പോള്‍ രാജിവയ്ക്കുന്നതു താന്‍ തെറ്റുകാരനാണെന്നു സമ്മതിക്കുന്നതിനു തുല്യമാകുമെന്നാണു പി.ജെ. തോമസിന്റെ പക്ഷം.
രാജി വയ്ക്കാന്‍ മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ മുഖേന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ യുദ്ധത്തിന്റെ ഇരയായ തന്നെ കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയകാര്യങ്ങളാല്‍ വേട്ടയാടുകയാണെന്ന വിലയിരുത്തലാണ് തോമസിന്റേത്.
ഇക്കാര്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാമോയില്‍ കേസില്‍ തോമസ് പ്രതിസ്ഥാനത്തുണ്ടെന്ന് അദ്ദേഹത്തെ സിവിസിയായി നിയമിക്കുന്ന ഘട്ടത്തില്‍ അറിയില്ലായിരുന്നെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്.
ഇതു കള്ളമാണെന്നു പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കൊപ്പം നിയമനസമിതിയില്‍ അംഗമായിരുന്ന പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് ആരോപിച്ചിരുന്നു. പാമോയില്‍ കേസിന്റെ വിശദാംശങ്ങള്‍ സമിതിയില്‍ ഉന്നയിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നു സുഷമ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സിവിസി നിയമനം ചര്‍ച്ച ചെയ്ത സെപ്റ്റംബര്‍ മൂന്നിലെ യോഗത്തിനു മുന്നില്‍ തോമസിനെതിരേ കേസുള്ള കാര്യം രേഖാമൂലം എത്തിയിരുന്നില്ലെന്നു വിവരാവകാശനിയമ പ്രവര്‍ത്തകന്‍ സുഭാഷ്ചന്ദ്ര അഗര്‍വാളിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു. തോമസിന്റെ നിയമനം അംഗീകരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒപ്പുവച്ചപ്പോള്‍, എതിര്‍ക്കുന്നു എന്നു രേഖപ്പെടുത്തിയാണ് സുഷമാ സ്വരാജ് ഒപ്പുവച്ചത്.












Click it and Unblock the Notifications