കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് നായനാര്‍ സര്‍ക്കാര്‍
കൊല്ലം: ഐസ്‌ക്രീം കേസില്‍ മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി പ്രതിയാകാതെ പോയതു മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ ഇടപെടല്‍ മൂലമാണെന്ന് കല്ലട സുകുമാരന്‍. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായിരുന്നു കല്ലട സുകുമാരന്‍.
ശനിയാഴ്ച കൊല്ലത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനായി പി ശശി ഐസ്‌ക്രീം കേസില്‍ ഇടപെട്ടുവെന്ന് സുകുമാരന്‍ വെളിപ്പെടുത്തിയത്.
കേസില്‍ മുന്‍മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നുമായിരുന്നു നിയമോപദേശം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഇത്തരത്തില്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയത്. സര്‍ക്കാരിനു നിയമോപദേശം നല്‍കിയതിനു ശേഷം ശശി എന്നെ ഫോണില്‍ വിളിച്ചു- അദ്ദേഹം വെളിപ്പെടുത്തി.
നിയമോപദേശം നല്‍കുന്നതിനു മുന്‍പു തന്നോടു കൂടി ആലോചിക്കാമായിരുന്നെന്നു ശശി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ഉപദേശമല്ല, നിയമോപദേശമാണു നല്‍കിയതെന്നും അതിന് ഏതെങ്കിലും വ്യക്തികളുടെ അഭിപ്രായമല്ല, കേസുമായി ബന്ധപ്പെട്ട രേഖകളാണു പ്രധാനമെന്നും വ്യക്തമാക്കി.
ഇതോടെ നിയമോപദേശം മാധ്യമങ്ങളില്‍ വന്നതിനെപ്പറ്റിയായി ശശിയുടെ അന്വേഷണം. ഇതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നു ശശി പറഞ്ഞു. ഇതെങ്ങനെ മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയെന്നും അന്വേഷിച്ചു. തുടര്‍ന്നു എന്റെ നിയമോപദേശത്തില്‍ 'നെഗറ്റീവ് ആക്ഷനാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്- സുകുമാരന്‍ പറഞ്ഞു.
കേസില്‍ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി എറണാകുളത്തെ ഒരു അഭിഭാഷകനും മൂന്നാം പ്രതി അബ്ദുല്‍ റഹ്മാനു വേണ്ടി തന്നോട് അടുപ്പമുള്ളവര്‍ പോലും ഇടപെട്ടതായും കല്ലട സുകുമാരന്‍ വെളിപ്പെടുത്തി. കോടികള്‍ ചെലവഴിക്കാന്‍ തയാറാണെന്നായിരുന്നു വാഗ്ദാനം.
പുതിയ വളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ബോധ്യപ്പെട്ടാല്‍ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കുന്നതിനു തടസ്സമില്ലെന്നും സുകുമാരന്‍ പറഞ്ഞു.












Click it and Unblock the Notifications