ജയരാജന്‍ വധശ്രമം: പ്രതിക്ക് 19 വര്‍ഷം തടവ്
ഹൈദരാബാദ്: സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജനെ ട്രെയിന്‍ യാത്രയ്ക്കിടെ ആന്ധ്രയില്‍വച്ച് വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി കൂത്തുപറമ്പ് സ്വദേശി പേട്ട ദിനേശന്‍ എന്ന പി കെ ദിനേശ(38)നെ 19 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നാംപ്രതി വിക്രംചാലില്‍ ശശി വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു.
വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും ഏഴുവര്‍ഷം വീതം തടവും 5000 രൂപ വീതം പിഴയും ഗൂഢാലോചനക്ക് അഞ്ചുവര്‍ഷം തടവും 3000രുപ പിഴയും ഉള്‍പ്പടെ 19 വര്‍ഷം തടവാണ് വിധിച്ചത്. ശിക്ഷ മുഴുവന്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഇതിനകം തന്നെ ഏഴുവര്‍ഷം തടവ് അനുഭവിച്ചതിനാല്‍ പ്രതി ദിനേശന് പിഴയടച്ച് ജയില്‍മോചിതനാകാം.
ചണ്ഡീഗഢില്‍ പാര്‍ടി കോഗ്രസ് കഴിഞ്ഞ് തിരിച്ചുവരവെ 1995 ഏപ്രില്‍ 12ന് രാവിലെ 10.20നാണ് രാജധാനി എക്‌സ്പ്രസില്‍ ബപറ്റ്‌ലചിരാല റെയില്‍വേ സ്‌റേഷനുകള്‍ക്കിടയില്‍വച്ച്് ഇപിയെ വെടിവച്ചത്. പിന്‍കഴുത്തിന് വെടിയേറ്റ ജയരാജന്‍ ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.
പ്രതികള്‍ രാഷ്ട്രീയ വിരോധം മൂലം ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വധശ്രമ ഗൂഢാലോചനയില്‍ മുന്‍മന്ത്രി എം.വി.രാഘവന്‍, കെ.സുധാകരന്‍ എം.പി. എന്നിവരെ പ്രതികളാക്കി ഇപി.ജയരാജന്‍ കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും അവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍പ്പെട്ട ഓങ്കോള്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി ശ്രവകുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്. എസ്എഫ്‌ഐ നേതാവ് കെ വി സുധീഷിനെ കൊലപ്പെടുത്തിയ കേസില്‍ ദിനേശന്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ രവീന്ദ്രനെ അടിച്ചുകൊന്ന കേസിലും പ്രതിയാണിയാള്‍.












Click it and Unblock the Notifications