കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊര്‍ണൂര്‍ സ്‌ഫോടനം: 11 മരണം

  • By Ajith Babu
Google Oneindia Malayalam News

10 killed in explosions at fireworks unit ‎
ഷൊര്‍ണൂര്‍: ഒറ്റപ്പാലംഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ കവളപ്പാറയ്ക്ക് സമീപം ത്രാങ്ങാലിയില്‍ പടക്ക ശാല കത്തിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. അഞ്ചു പേര്‍ക്ക് സാരമായി പരുക്കേറ്റു. അപകടസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ സമീപത്തുകൂടെ കടന്നുപോകുകയായിരുന്ന മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാരിലൊരാള്‍ ട്രാക്കിലേക്കുവീണ് സാരമായി പരിക്കേറ്റു. രണ്ട് യാത്രക്കാരെ പേരെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നു പാലക്കാട് റയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തു പേരുടെ മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഉണ്ട്. മൃതദേഹങ്ങള്‍ എല്ലാം പുരുഷന്മാരുടേതാണ്. പടക്ക നിര്‍മാണ ശാലയിലെ തൊഴിലാളികളായ കാവശ്ശേരി പാലത്തൊടിവീട്ടില്‍ മണി (52), കൂനത്തറ വിഷ്ണുനിവാസില്‍ വേലന്‍ ചെട്ടിയാരുടെ മകന്‍ ശശിധരന്‍ (33), കുളപ്പുള്ളി തട്ടാന്‍തൊടി അപ്പു എന്ന പ്രഭാകരന്‍ (45), വേപ്പിലശ്ശേരി ഉണ്ണി എന്ന കള്ളുമണി, കാവശ്ശേരിസ്വദേശി ജയന്‍, കാവശ്ശേരി കഴനി തെക്കുമുറി ചെറമടക്കളം രക്കന്റെ മകന്‍ ചാമി (55), കഴനി തെക്കുംമുറി പടിഞ്ഞാറെകോളനി പുത്തന്‍തൊടി വീട്ടില്‍ രാജന്‍ (മൊട്ട 45), മായന്നൂര്‍ ദീപ്തികോളനിയില്‍ ഓമന (കുഞ്ഞുക്കുട്ടന്‍), കിഴക്കേതില്‍ കുട്ടന്‍ (ആറുമുഖന്‍), സുന്ദരന്‍ എന്നിവരാണ് മരിച്ചത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ആരംഭിച്ചിട്ടുണ്ട്.

ട്രെയിനില്‍നിന്നുവീണ ഖൊരക്പൂര്‍ സ്വദേശിജനാര്‍ദനന്‍, പടക്കശാല ഉടമ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സ്‌ഫോടനത്തിന്റെ ആഘാതം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ബാധിച്ചു. ട്രെയിനിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. ഏതാനും കോച്ചുകളിലെ ബാത്ത് റൂമുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആഘാതം ബാധിച്ച പ്രദേശങ്ങളിലെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.

ചൊവ്വാഴ്ച അഞ്ചു സ്ത്രീകളടക്കം 22 പേരാണു പണിക്കെത്തിയിരുന്നത്. സ്‌ഫോടനത്തിന് അല്‍പ്പം മുന്‍പ് 11 പേര്‍ സമീപത്തെ ഭാരതപ്പുഴയില്‍ കുളിക്കാന്‍ പോയതാണു മരണ സംഖ്യ കുറയാന്‍ കാരണം.

റയില്‍വേ ട്രാക്കില്‍ നിന്നു 150 മീറ്ററോളം അകലെയുളള ഭാരതപ്പുഴ വരെ വിജനമായ പ്രദേശമാണ്. ഈഭാഗത്തേയ്ക്കു ശരിയായ വഴി പോലുമില്ല. അപകടത്തില്‍പ്പെട്ടവരെ ട്രാക്ക് മുറിച്ചു കടന്ന് 100 മീറ്റര്‍ അകലെയുളള റോഡില്‍ എത്തിച്ചാണ് ആശുപത്രികളിലേയ്ക്കു കൊണ്ടു പോയത്.

നടത്തിപ്പുകാരനായ കുഞ്ഞിക്കണ്ണന്റെ ലൈസന്‍സ് 2008ല്‍ റദ്ദാക്കപ്പെട്ടതാണ്. അതിനു മുന്‍പ് ഷൊര്‍ണൂരിലുണ്ടായ ഒരപകടത്തെ തുടര്‍ന്നാണു ലൈസന്‍സ് റദ്ദാക്കിയത്. തുടര്‍ന്നു ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുവദിച്ചില്ല. ഭാരതപ്പുഴയോരത്ത് റയില്‍പാതയോടു ചേര്‍ന്ന് അനധികൃതമായി വെടിമരുന്നുശാല പ്രവര്‍ത്തിച്ചത് അധികൃതര്‍ അറിയാതിരുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.

ഷൊറണൂര്‍ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് ഉത്തരമേഖലാ എഡിജിപി മഹേഷ്‌കുമാര്‍ സിംഗ്ല അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ പറഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ക്കായി തിരുവനന്തപുരത്തു നിന്നുള്ള ഫോറന്‍സിക് സംഘം ഉച്ചയോടെ സ്ഥലത്തെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X