മൂത്തവന്‍ മന്‍മോഹന്‍! ഇളയവന്‍ മുലായം!!
ലഖ്‌നൊ: ഒരു പേരിലെന്തിരിക്കുന്നുവെന്ന് നമ്മള്‍ ചോദിക്കാറുണ്ട്. പക്ഷേ ഒരു പേരുകൊണ്ടായിരിക്കും ചിലപ്പോള്‍ ഒരു വ്യക്തി പ്രശസ്തനാകുന്നത്. കുട്ടികള്‍ക്ക് പേരിടുമ്പോള്‍ വിളിക്കാന്‍ എന്തെങ്കിലും ഒരു പേര് എന്നതില്‍ക്കവിഞ്ഞ് ആള്‍ക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്ന പേരിടണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കളില്‍ അധികവും.
പേരിടലില്‍ ബുദ്ധികാണിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ പേരിന്റെ സ്റ്റൈലില്‍ ആള്‍ക്കൂട്ടത്തില്‍ ഷൈന്‍ ചെയ്യാറുമുണ്ട്. ഇങ്ങനെ ലഖ്‌നൊവിലെ ഒരു ദമ്പതികള്‍ തങ്ങളുടെ മക്കള്‍ക്ക് പേരിട്ടു. ഇവരോട് പേര് ചോദിക്കുന്നവരും ഇവരെ കൂടപ്പിറപ്പുകളുടെ പേരു ചോദിക്കുന്നവരുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അതിശയിക്കും.
ലഖ്‌നൊവില്‍ താമസിക്കുന്ന ശീതളാദേവിയും ഭര്‍ത്താവുമാണ് തങ്ങളുടെ മക്കളെ പേരിലൂടെ വ്യത്യസ്തരാക്കിയിരിക്കുന്നത്. ആറുമക്കളില്‍ എല്ലാവര്‍ക്കും ഇവര്‍ രാഷ്ട്രീയനേതാക്കന്മാരുടെ പേരുകളാണ് ഇട്ടിരിക്കുന്നത്, അതും കക്ഷിരാഷ്ട്രീയഭേദമില്ലാതെ. മന്‍മോഹന്‍ സിങ്, ജയലളിത, രാജ്‌നാഥ് സിങ്, ഗ്യാനി സലില്‍ സിങ്, മുലായം സിങ്, കല്യാണ്‍ സിങ്, ബാല്‍ താക്കറെ എന്നിങ്ങനെയാണ് ശീതളാദേവിയുടെ മക്കളുടെ പേരുകള്‍.
ഇതെന്താണ് ഇങ്ങനെ രാഷ്ട്രീയക്കാരുടെ പേര് മക്കള്‍ക്കിട്ടിരിക്കുന്നതെന്ന് ചോദിച്ചാല്‍ ശീതളാദേവി പറയും ഈ നേതാക്കന്മാരില്‍ നിന്നൊക്കെ നമുക്ക് പലതും പഠിക്കാനുണ്ട്. ഇവരെപ്പോലെ കഠിനാധ്വാനം ചെയ്ത് എന്റെ മക്കളും ജീവിതത്തില്‍ വിജയിക്കണം. അതിന് സ്വന്തം പേരുകള്‍ അവര്‍ക്ക് പ്രേരണയാകണം- ഇതാണ് ഈ അമ്മയുടെ ഉത്തരം.
ഇക്കാര്യത്തില്‍ ഇവരുടെ മക്കളും ഇവരോട് യോജിക്കുന്നു. മാതാപിതാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനായി തങ്ങള്‍ കഠിനാധ്വാനം ചെയ്യുമെന്ന് മന്‍മോഹന്‍ സിങും ഇളയ സഹോദരന്‍ മുലായം സിങും പറയുന്നു.












Click it and Unblock the Notifications