ശശീന്ദ്രന്റെ മരണം: അന്വേഷണം സിബിഐയ്ക്ക്
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം സി.ബി.ഐ അന്വേഷണത്തിന് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു കോടിയേരി.
സമാനതകളില്ലാത്ത സംഭവമാണെന്നും മരണത്തിനു പിന്നില്‍ ദൂരുഹതയുണ്ടെന്നും ഇത് നീക്കാനാണ് സി.ബി.ഐക്ക് കൈമാറുന്നതെന്നും കോടിയേരി പറഞ്ഞു.
ജനുവരി 24 ന് രാത്രിയാണ് ശശീന്ദ്രനെയും രണ്ടു മക്കളെയും വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശശീന്ദ്രന്റെ സഹോദരന്‍ പരാതി നല്‍കിയിരുന്നു.
മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ വിവാദ വ്യവസായി വി.എം രാധാകൃഷ്ണനില്‍ നിന്നും പലപ്പോഴും ഭീഷണിയുണ്ടായിട്ടുണ്ടെന്നും കുടുംബത്തോടെ ആത്മഹത്യചെയ്യേണ്ടിവരുമെന്നും പല തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ശശീന്ദ്രന്റെ ഭാര്യ ആരോപിച്ചിരുന്നു.
തുടര്‍ന്ന് മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കാണിച്ച് ശശീന്ദ്രന്റെ ഭാര്യ ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് രാധാകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. രാധാകൃഷ്ണന്‍ ഒളിവില്‍പ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications