മാവേലി എക്‌സ്പ്രസില്‍ അധ്യാപികയെ അപമാനിച്ചു
കൊച്ചി: പാസഞ്ചര്‍ തീവണ്ടിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മാവേലി എക്‌സ്പ്രസിലും യുവതിയെ അപമാനിക്കാന്‍ ശ്രമം. സഹയാത്രികരും റയില്‍വേ പൊലീസും യഥാസമയത്ത് ഇടപെട്ടതോടെ യുവതി രക്ഷപ്പെടുകയും അക്രമി പിടിയിലാവുകയും ചെയ്തു.
തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശിയായ സുരേഷ്(23) ആണ് പിടിയിലായിരിക്കുന്നത്. കാസര്‍ക്കോട് സ്വദേശിനിയായ അധ്യാപികയെ അപമാനിക്കാനാണ് ഇയാള്‍ ശ്രമിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ തിരുവനന്തപുരം മംഗലാപുരം മാവേലി എക്‌സ്പ്രസില്‍ എസ്ടു കോച്ചില്‍ ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് ഡിപ്പാര്‍ട്‌മെന്റല്‍ ടെസ്റ്റ് കഴിഞ്ഞു മടങ്ങുകയായിരുന്നു അധ്യാപിക.
ഇവരുടെ കൂടെ ജോലി ചെയ്യുന്ന ചില അധ്യാപകരും അതേ കോച്ചിലുണ്ടായിരുന്നു. രാത്രി 11.15ന് എല്ലാവരും ഉറക്കത്തിലായിരുന്നു. മുകളിലെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്.
ഈസമയത്താണ് പ്രതി അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അധ്യാപിക ഒച്ചവച്ചതോടെ മറ്റു യാത്രക്കാര്‍ ഉണര്‍ന്നു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാരും ഡ്യൂട്ടി പൊലീസുകാരും ചേര്‍ന്നു പിടികൂടി.
അപ്പോഴേയ്ക്കും തീവണ്ടി എറണാകുളത്ത് എത്തിയിരുന്നു. തുടര്‍ന്ന് എസ്‌ഐ വിനോദിന്റെ നേതൃത്വത്തിലുള്ള റയില്‍വേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വടകരയില്‍ മത്സ്യബന്ധന ബോട്ടില്‍ തൊഴിലാളിയാണ് ആന്റണി സുരേഷ്. നാട്ടില്‍ നിന്ന് വടകരയ്ക്കു പോകാനാണ് തീവണ്ടിയില്‍ കയറിയതെന്ന് ഇയാള്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications