മൊബൈല്‍ നമ്പര്‍ നല്‍കാത്തതിന് താരത്തെ കൊന്നു
പട്‌ന: മൊബൈല്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച വനിതാ കായിക താരത്തെ സിആര്‍പിഎഫ് ജവാന്‍ വെടിവച്ചു കൊന്നു. റയില്‍വെ കബഡി ടീമംഗം മനീഷ ദേവി (21) ആണ് കൊല്ലപ്പെട്ടത്.
ദേശീയ ഗെയിംസിനു വേണ്ടിയുള്ള പരിശീലനം നടത്തി മടങ്ങുമ്പോഴാണ് താരത്തിനെ ജസ്വന്ത് സിംഗ് എന്ന ജവാന്‍ മദ്യലഹരിയില്‍ വെടിവച്ചു കൊന്നത്.
പട്‌നയിലെ മൊയിന്‍ ഉള്‍ ഹഖ് സ്‌റ്റേഡിയത്തില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. ജസ്വന്ത് സിംഗ് സ്‌റ്റേഡിയത്തില്‍ ഡ്യൂട്ടിയിലായിരുന്നു. മനീഷയെ കണ്ടപ്പോള്‍ ഇയാള്‍ അടുത്തുവന്ന് മൊബൈല്‍ നമ്പര്‍ ചോദിച്ചു.
എന്നാല്‍, മനീഷ ദേഷ്യപ്പെടുകയും നമ്പര്‍ നല്‍കില്ലെന്ന് പറയുകയും ചെയ്തു.സംസാരം വാക്കേറ്റത്തിലെത്തിയപ്പോള്‍ സിംഗ് എകെ 47 തോക്ക് ഉപയോഗിച്ച് മനീഷയെ വെടിവച്ചും, തുടര്‍ന്ന് ഇയാള്‍ സ്വയം വെടിവയ്ക്കുകയും ചെയ്തു.
മനീഷയ്ക്ക് നേരെ ഏകദേശം 17 റൌണ്ട് വെടിവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയേറ്റു വീണ മനീഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സിംഗിന്റെ നിലയും ഗുരുതരമാണ്. സമീപത്തുകൂടി പോവുകയായിരുന്ന ഒരാള്‍ക്കും വെടിയേറ്റു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഹിമാചല്‍ സ്വദേശിനിയായ മനീഷ പൂര്‍വ റയില്‍വെയുടെ ഡാണാപൂര്‍ ഡിവിഷണല്‍ ഓഫീസിലെ ക്ലര്‍ക്കാണ്. താരം ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച റാഞ്ചിയിലേക്ക് പോകാനിരിക്കുകയായിരുന്നു.












Click it and Unblock the Notifications