Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടമലയാര്‍ കേസ്: ബാലകൃഷ്ണ പിള്ള കുറ്റക്കാരന്‍

Balakrishna Pillai
ദില്ലി: ഇടമലയാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ബാലകൃഷ്ണ പിള്ള ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. എട്ട് മാസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നാണ് നിര്‍ദേശം. കേസില്‍ ഹൈക്കോടതിയ്ക്ക് പിഴവ് സംഭവിച്ചുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ബാലകൃഷ്ണ പിള്ളയുള്‍പ്പെടെ മൂന്നുപേരായിരുന്നു കേസിലെ പ്രതികള്‍. കരാറുകാരന്‍ പി.കെ. സജീവന്‍, മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ എന്നിവരായിരുന്നു മറ്റ് പ്രതികള്‍. മൂന്നുപേര്‍ക്കും ഒരേശിക്ഷ തന്നെയാണ് വിധിച്ചിരിക്കുന്നത്. വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ നല്‍കുന്നതിനായി ഇവര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ഉത്തരവിലുണ്ട്. നേരത്തെ വിചാരണ കോടതി ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് കണ്ടെത്തി. രണ്ട് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.

എന്നാല്‍ ബാലകൃഷ്ണപിള്ളയേയും മറ്റ് രണ്ട് പ്രതികളേയുംശിക്ഷിച്ച വിചാരണകോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യതാന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അപ്പീല്‍ നല്‍കാനുള്ള വി.എസിന്റെ അര്‍ഹതയെ പ്രതിഭാഗം അഭിഭാഷകര്‍ വാദത്തിനൊടുവില്‍ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാണ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് ബി.എസ് ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് വിധി പറഞ്ഞത്.

2005ല്‍ അച്യുതാനന്ദന്‍ സര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവാദം ഈയിടെയാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ദില്ലിയിലെത്തി വിഎസ് സുപ്രീം കോടതി അഭിഭാഷകരുമായി കേസ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത്് ആര്‍ ബാലകൃഷ്ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടന്നുവെന്നാണ് ആരോപണം. ബാലകൃഷ്ണപിള്ള അടക്കം എട്ടു പ്രതികളാണ് കേസിലുള്ളത്. 1982 ല്‍ ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നതാണ് കേസിനാസ്പദമായ സംഭവം.

സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയായതിനാല്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഇനിയും അപ്പീല്‍ നല്‍കാന്‍ അവസരമില്ല. അതേസമയം വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവ്യൂ ഹര്‍ജി നല്‍കാം. വിധി പറഞ്ഞ ജഡ്ജിമാരുടെ ബെഞ്ച് തന്നെയായിരിക്കും ഇതും പരിഗണിക്കുക. ഈ സാഹചര്യത്തില്‍ റിവ്യൂ ഹര്‍ജി അനുവദിക്കപ്പെടുമോ എന്ന കാര്യത്തില്‍ തന്നെ ഉറപ്പില്ല.ഓപ്പണ്‍ കോര്‍ട്ടില്‍ പോകാതെ ചേംബറിലിരുന്ന് ജഡ്ജിമാര്‍ക്ക് ഹര്‍ജി പരിഗണിയ്ക്കാം.

കോടതിയില്‍ കീഴടങ്ങി ശിക്ഷ ഏറ്റുവാങ്ങുകയായിരിക്കും ബാലകൃഷ്ണപിള്ളയ്ക്ക് മുന്നിലുളള വഴി. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഈ ശിക്ഷ തടസമാകില്ല. കുറഞ്ഞത് രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുന്നവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+