തിരഞ്ഞെടുപ്പിനായി പാവങ്ങള്‍ക്കൊരു ജനപ്രിയ ബജറ്റ്

അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു. അഞ്ച് വര്‍ഷം കൊണ്ട് ഒമ്പത് ശതമാനം വേഗത്തില്‍ വളരാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
'പാലിച്ചു വാഗ്ദാനമേറെയെന്നാകിലും പാലിക്കാനുണ്ടിനിയേറെ' എന്ന ഒ.എന്‍.വിയുടെ കവിതയോടെ ആരംഭിച്ച ധനമന്ത്രിയുടെ ബജറ്റ് അവതരണം അദ്ദേഹത്തിന്റെ ഉള്ളിലിരിയ്ക്കുന്ന ചില മോഹങ്ങളാണ് വെളിപ്പെടുത്തിയത്.
ബജറ്റില്‍ ധന റവന്യൂക്കമ്മി കുറഞ്ഞതായി ധനമന്ത്രി അവകാശപ്പെട്ടു. യാഥാസ്ഥിതിക ധനനയങ്ങള്‍ക്കു പകരം സംസ്ഥാനത്തിന്റെ ക്ഷേമ വികസന ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സമീപമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ചെലവ് 100 ശതമാനത്തിലേറെ വര്‍ധിച്ചു. സര്‍ക്കാര്‍ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു. സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന്റെ അടിസ്ഥാന കാരണം സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തിലുണ്ടായ വര്‍ധനയാണ്.
തന്റെ പ്രഥമ ബജറ്റില്‍ പ്രതീക്ഷ പ്രകടിപ്പിച്ച മിച്ച ബജറ്റ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കടം വര്‍ദ്ധിയ്ക്കുന്നതില്‍ ആശങ്കപ്പൊടനില്ല. സര്‍ക്കാര്‍ കടത്തിന്റെ ശരാശരി പലിശ 7.88.2 ശതമാനം വരെയാണ്. എന്നാല്‍ സംസ്ഥാന വരുമാനം 1415 ശതമാനം വരെ വേഗതയിലാണ് വളരുന്നത്. അതിനാല്‍ കടത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. അതേ സമയം കടത്തിന്റെ വലിപ്പമല്ല, സംസ്ഥാനത്തിന്റെ വായ്പാ പരിധി ചുരുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്.
ഒട്ടേറെ ക്ഷേമപദ്ധതികളാണ് ബജറ്റില്‍ ഐസക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രണ്ട് രൂപയ്ക്ക് 40 ലക്ഷം കുടുംബങ്ങള്‍ക്ക് അരി, ആരോഗ്യക്ഷേമത്തിന് കൂടുതല്‍ പദ്ധതി, അടിസ്ഥാന സൗകര്യവികനത്തിനായി അനുവദിച്ച 40000 കോടി രൂപയാണ് ബജറ്റില്‍ എടുത്തുപറയേണ്ടത്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമഗ്ര സാമൂഹിക സുരക്ഷാ പദ്ധതി രൂപവത്കരിക്കും. യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകാതെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാനാവുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയമാണെന്ന് തോമസ് ഐസക് പറഞ്ഞു.
കൊച്ചി മെട്രോ റെയിലിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 156 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ കിന്‍ഫ്രാ പാര്‍ക്കില്‍ 400 കോടി രൂപ ചെലവില്‍ എക്‌സിബിഷന്‍ സെന്റര്‍ ആരംഭിക്കും. കണ്ണൂര്‍ വിമാനത്താവളം രണ്ട് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രഖ്യാപിച്ച മന്ത്രി ഇതിന് പക്ഷെ 10 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 25 കോടി രൂപ അനുവദിക്കും. വിഴിഞ്ഞം ടെര്‍മിനലിന് അഞ്ച് കോടി രൂപ നല്‍കും. അഞ്ച് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 65 കോടി രൂപ വകയിരുത്തി.
പരമ്പരാഗത മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. കേരള ലോട്ടറിയെ സംരക്ഷിക്കാനും അന്യരാജ്യ അന്യ സംസ്ഥാന ലോട്ടറി മാഫിയയുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുമാണ് ഈ സര്‍ക്കാര്‍ പ്രതിബദ്ധതയോടെ ശ്രമിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് തയാറായില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
കവിത ചൊല്ലി ആരംഭിച്ച ബജറ്റ് കവിതയോടെ തന്നെയാണ് അദ്ദേഹം അവസാനിപ്പിച്ചതും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണെന്ന് പറഞ്ഞ ധനമന്ത്രി വിടവാങ്ങല്‍ ബജറ്റില്‍ സഹപ്രവര്‍ത്തകര്‍ക്ക് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications