പിള്ള 9 മാസം അഴിയ്ക്കുള്ളില്‍ കഴിഞ്ഞാല്‍ മതി
കൊച്ചി: ഒരു വര്‍ഷം തടവുശിക്ഷ ലഭിച്ച മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളക്ക് ഒമ്പതുമാസത്തോളം തടവില്‍ കഴിഞ്ഞാല്‍ മതിയാകും. ഒരുവര്‍ഷം തടവിന് രണ്ടുമാസത്തെ സ്വാഭാവിക ഇളവ് ലഭിയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതിനുപുറമെ ജയിലില്‍ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന പ്രതിഫലം നല്‍കി ഒരുമാസത്തെ ഇളവും നേടാം.
ഇതിന് പുറമെ, സര്‍ക്കാറിന് പരോളും അടിയന്തര പരോളും നല്‍കാന്‍ അധികാരമുണ്ട്. സര്‍ക്കാര്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഈ ആനുകൂല്യം നല്‍കിയാല്‍ തടങ്കല്‍ കാലയളവ് പിന്നെയും കുറയും. കഠിന തടവ് ലഭിച്ച കുറ്റവാളികള്‍ക്ക് ജയിലില്‍ ജോലി നിര്‍ബന്ധമാണ്. പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് ജോലിയുടെ സ്വഭാം വ്യത്യാസപ്പെട്ടിരിയ്ക്കും. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഇടതുസര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുകയാണെങ്കില്‍ ഇളവൊന്നും പിള്ളയ്ക്ക് പ്രതീക്ഷിയ്ക്കാനാവില്ല.
അതിനിടെ സുപ്രീംകോടതി വിധി അനുസരിച്ച് കീഴടങ്ങാതെ ബാലകൃഷ്ണപിള്ളയ്ക്ക് റിവ്യൂ ഹര്‍ജി നല്‍കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇടമലയാര്‍ കോടതിയിലാണ് കീഴടങ്ങേണ്ടത്. ഏത് ജയിലിലേക്കാണ് അയയ്‌ക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഇടമലയാര്‍ കോടതിയാണെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications