യുവതിയെ അപമാനിച്ചു; പാസ്റ്റര്‍ പിടിയില്‍
കൊച്ചി: വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഓണ്‍ലാന്‍ മാഗസിനില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പാസ്റ്റര്‍ പിടിയിലായി. മതം മാറി പാസ്റ്ററായ പെരുമ്പാവൂര്‍ സ്വദേശി ബാലനാ(54) ണ് അറസ്റ്റിലായത്. ഇയാളെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസിലെ മറ്റൊരു പ്രതിയും ബാലന്റെ മകനുമായ അനീഷ് ബാലന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ബാലന്‍ 'ദി ഡിഫന്‍ഡര്‍' എന്ന പേരില്‍ നടത്തുന്ന ഇന്റര്‍നെറ്റ് മാഗസിനിലാണ് കൊച്ചി സ്വദേശികളായ ദമ്പതികളെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ബാലന്‍ ഉള്‍പ്പെടുന്ന സഭയിലെ അംഗങ്ങളും പ്രവര്‍ത്തകരുമാണ് ഈ ദമ്പതികള്‍.
ഐടി നിയമപ്രകാരം ബാലന്‍ നേരത്തേയും അറസ്റ്റിലായിട്ടുണ്ട്. ഈ നിയമപ്രകാരം കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസ് ബാലന്റെ പേരിലായിരുന്നു. അപകീര്‍ത്തിക്കേസാണ് അന്നും ഉണ്ടായത്. .
സ്വന്തം പേരിലുള്ള വെബ് മാഗസിനിലും ബാലന്റെ ഉടമസ്ഥതയിലുള്ള 'ദി ഡിഫന്‍ഡര്‍' എന്ന മാഗസിനിലും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
കൂടുതല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കണമെങ്കില്‍ 10 ലക്ഷംരൂപ നല്‍കണമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 2010 ഡിസംബര്‍ 14 നാണ് പരാതിക്ക് ആസ്പദമായ ലേഖനം ഇന്റര്‍നെറ്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.
വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പോലീസ് തടസപ്പെടുത്തിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് മാഗസിന്‍ പരിശോധിച്ചു തെളിവു രേഖപ്പെടുത്തിയതിനു ശേഷമാണ് സൈബര്‍സെല്‍ വിഭാഗം ഇയാള്‍ക്കെതിരേ കേസെടുത്തത്.
പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയവേയാണു ബാലന്‍ അറസ്റ്റിലായതെന്നു പോലീസ് പറയുന്നു. കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും ബാലന്റെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. കേസെടുത്തു ദിവസങ്ങളായിട്ടും അറസ്റ്റ് വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പോലീസ് ഇയാളെ മാധ്യമപ്രവര്‍ത്തകരില്‍നിന്നു രക്ഷിക്കുകയും ചെയ്തു.












Click it and Unblock the Notifications