ഇടമലയാര്‍: ബാലകൃഷ്ണ പിള്ള ബുധനാഴ്ച കീഴടങ്ങും

ചൊവ്വാഴ്ച നബിദിനമായതിനാല്‍ കോടതി അവധിയായതുകൊണ്ട് ബുധനാഴ്ച കോടതിയിലെത്താനാണ് തീരുമാനം.
കീഴടങ്ങള്‍ സംബന്ധിച്ച് അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തിയ പിള്ള കേസ് സംബന്ധമായ എല്ലാ രേഖകളും ശനിയാഴ്ച കൊച്ചിയില്‍ എത്തിച്ചു. ഇതിന്മേലുള്ള നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കും.
ബാലകൃഷ്ണപിള്ള കീഴടങ്ങുന്നതോടെ രണ്ടു പതിറ്റാണ്ട് ഒരു കേസിനുവേണ്ടിമാത്രം പ്രവര്‍ത്തിച്ച കോടതിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങും. ഈ കേസിനു വേണ്ടി മാത്രം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന കോടതി കുറച്ചുകാലം മുന്‍പ് പനമ്പിള്ളിനഗറിലേക്കു മാറ്റുകയായിരുന്നു.
ഒരു പതിറ്റാണ്ടു മുന്‍പ് കോടതിമുറിയില്‍ വിധി കേട്ടു ബാലകൃഷ്ണപിള്ള ബോധം കെട്ടുവീണിരുന്നു. ഇതോടെ ഇടമലയാര്‍ കോടതി വാര്‍ത്തകളില്‍ താരമായി.
1999 നവംബര്‍ 10നാണ് ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്നു വിചാരണക്കോടതി വിധിച്ചത്. 1991 മാര്‍ച്ച് ഒന്നിനാണ് ഈ കോടതി സ്ഥാപിച്ചത്. അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ച കോടതി നാലുവര്‍ഷത്തിലധികം കാലം ശിക്ഷയുണ്ടെങ്കില്‍ നേരേ ജയിലിലേക്കു പോകണമെന്നു വിധിച്ചതോടെയാണു ബാലകൃഷ്ണപിള്ള കോടതിമുറിയില്‍ ബോധംകെട്ടു വീണത്.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ജാമ്യം കിട്ടുകയും ചെയ്തു. ആര്‍. നടരാജനായിരുന്നു പിള്ളയ്ക്ക് ശിക്ഷ വിധിച്ച ജഡ്ജി. അദ്ദേഹം പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി.
ഇടമലയാര്‍ കേസില്‍ ഒട്ടേറെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ വിവിധ സമയങ്ങളില്‍ നിയമിതരായി. എന്നാല്‍, ഏറ്റവും ഒടുവില്‍ ചുമതലയേറ്റ കല്ലട സുകുമാരന്റെ റിപ്പോര്‍ട്ടാണ് പിള്ളയ്ക്കു പ്രതികൂലമായത്.
ഇതിനെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ച ബാലകൃഷ്ണപിള്ളയെ വിഎസ് അച്യുതാനന്ദന്‍ സ്വന്തം നിലയില്‍ പിന്തുടര്‍ന്ന് കുടുക്കുകയായിരുന്നു.












Click it and Unblock the Notifications