നമ്പര്‍ നല്‍കിയില്ല യുവാവ് യുവതിയെ കുത്തി
മുംബൈ: മൊബൈല്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും നല്‍കാന്‍ തയ്യാറാകാത്തതിന് യുവാവ് പത്തൊന്‍പതുകാരിയെ കുത്തി പരുക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ രാജ് ആര്യയെന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.
നമ്പറും വിലാസവും നല്‍കണമെന്നാവശ്യപ്പെട്ട് ഏറെനാളുകളാണ് ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ മാരുതി നഗറിലെ താമസക്കാരാണ് രണ്ടുപേരും. പക്ഷേ രണ്ടുപേരും ഇക്കാര്യം ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പ്രണയംതോന്നിയതിനാലാണത്രേ ആര്യ പെണ്‍കുട്ടിയോട് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ആര്യ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി നമ്പറും വിലാസവും ചോദിക്കുകയായിരുന്നുവത്രേ. രോഷം വന്ന പെണ്‍കുട്ടി ഇയാളെ അടിച്ച് സ്ഥലം വിട്ടു.
അപമാനിതനായ ആര്യ തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയോട് പകരം വീട്ടാന്‍ തീരുമാനിക്കുകകയായിരുന്നു. ഇതുപ്രകാരം യുവതി ജോലികഴിഞ്ഞ് വരുമ്പോള്‍ ഇയാള്‍ ബസ് സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി സംസാരിക്കാന്‍ തയ്യാറായില്ല.
ഉടന്‍ കത്തി പുറത്തെടുത്ത ആര്യ പെണ്‍കുട്ടിയുടെ മുഖത്ത് കുത്തുകയായിരുന്നു. ഉടന്‍ തന്നെ കയ്യുയര്‍ത്ത് ആക്രമണം തടഞ്ഞതിനാല്‍ യുവതി വലിയ പരുക്കില്‍ നിന്നും രക്ഷപ്പെട്ടു. ഉടന്‍ തന്നെ ആര്യ സംഭവസ്ഥലത്തുനിന്നും പോയി. സ്ഥലത്തുണ്ടായിരുന്നവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രി വിട്ട യുവതി ചാര്‍കോപ് പൊലീസില്‍ പരാതി ഫയല്‍ ചെയ്യുകയായിരുന്നു. സാക്ഷികളില്‍ നിന്നും വിവരം ശേഖരിച്ച പൊലീസ് ശനിയാഴ്ച ഇയാളെ അറസ്റ്റുചെയ്തു.
മൊബൈല്‍ നമ്പര്‍ നല്‍കാത്തതില്‍ കുപിതനായ ഒരു സിആര്‍പിഎഫ് ജവാന്‍ ദേശീയ കബഡിതാരമായ മനീഷ ദേവിയെ യുപിയിലെ ഒരു സ്റ്റേഡിയത്തില്‍ വച്ച് വെടിവച്ച് കൊന്ന സംഭവം നടന്നിട്ട് ഏറെ നാള്‍ കഴിയും മുമ്പാണ് പുതിയ റിപ്പോര്‍ട്ട്.












Click it and Unblock the Notifications