അബ്ദുല്ലക്കുട്ടിക്ക് പിന്തുണയുമായി ചെന്നിത്തല
ദില്ലി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വിഎം സുധീരനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച അബ്ദുള്ളക്കുട്ടിയെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്തെത്തി.
കേരള വികസന കോണ്‍ഗ്രസില്‍ വിഎം സുധീരനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി വിശദീകരണം നല്‍കിയതായി രമേശ് ചെന്നിത്തല ദില്ലിയില്‍ അറിയിച്ചു.
വികസനകോണ്‍ഗ്രസില്‍ നിന്ന് അബ്ദുല്ലക്കുട്ടി ഇറങ്ങിപ്പോയിട്ടില്ല. ബിഒടിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അതിന് മറുപടി നല്‍കുക മാത്രമാണ് അബ്ദുള്ളക്കുട്ടി ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.
ഈ വിവാദം അവസാനിച്ചെന്നും ഇനി ഒരു നേതാവും ഈ വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തരുതെന്നും രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെ അടുത്തിരുത്തിയാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രതിപക്ഷത്തിനെതിരെ നിലനില്‍ക്കാത്ത ആരോപണങ്ങളുമായി ഇടതുപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. യുഡിഎഫിനെ ജനപ്രിയത തകര്‍ക്കാന്‍ ഇതുകൊണ്ടൊന്നുമാകില്ല. പ്രതിപക്ഷ നേതാവിനെതിരെ പോലും വിലകുറഞ്ഞ ആരോപണങ്ങളുമായി എല്‍ഡിഎഫ് രംഗത്തെത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications