2ജി: അനില്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തു

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍. രണ്ടു മണിക്കൂറോളം അദ്ദേഹം സിബിഐ ആസ്ഥാനത്ത് ഉണ്ടായിരുന്നു.പ്രധാനമായും സ്വാന്‍ ടെലികോമുമായി ബന്ധപ്പെട്ട ചില രേഖകളെക്കുറിച്ചാണ് അനിലിനോട് സിബിഐ ചോദിച്ചത്.
വഴിവിട്ട രീതിയില്‍ 2 ജി. സ്‌പെക്ട്രം സ്വന്തമാക്കിയതായി ആരോപണം നേരിടുന്ന സ്വാന്‍ ടെലികോമില്‍ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് (അഡാഗ്) ഓഹരികളുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അനിലിന്റെ ബിനാമിയായാണ് സ്വാന്‍ ടെലികോം പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് സൂചന.
സ്ഥാപനത്തിന് ഇരട്ട സാങ്കേതിക വിദ്യയ്ക്കുള്ള അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടും അനില്‍ അംബാനിയില്‍നിന്ന് സിബിഐ. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടി. ഇത് സംബന്ധിച്ച നയം പ്രഖ്യാപിക്കുംമുമ്പുതന്നെ റിലയന്‍സ്‌കോം ഇതിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകുന്നതിനായി സിബിഐ അനില്‍ അംബാനിക്ക് സമന്‍സ് അയച്ചിരുന്നില്ലെന്ന് 'അഡാഗ്' പ്രസ്താവനയില്‍ അറിയിച്ചു. പതിവ് ദില്ലി സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ അദ്ദേഹം ടെലികോം മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങളെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥരെക്കണ്ട് വിശദീകരണങ്ങള്‍ നല്കുകയാണ് അദ്ദേഹം ചെയ്തത് 'അഡാഗ്' വാര്‍ത്താകുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications