ഇടമലയാര്‍: ബാലകൃഷ്ണ പിള്ള റിവ്യൂ ഹര്‍ജി നല്‍കി
ദില്ലി: ഇടമലയാര്‍ കേസില്‍ തന്നെ ശിക്ഷിച്ചതിനെതിരെ കേരള കോണ്‍ഗ്രസ്-ബി നേതാവും, മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി.
കേസില്‍ പിള്ളയെ ഒരു വര്‍ഷം കഠിന തടവിനും, 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ച ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ് ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചില്‍ തന്നെയാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇടമലയാര്‍ കേസില്‍ തന്നെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ പിള്ള ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ വി.എസിന് വ്യക്തിപരമായി അവകാശമില്ല. കേസില്‍ സംസ്ഥാന സര്‍ക്കാരായിരുന്നു അപ്പീല്‍ സമര്‍പ്പിക്കേണ്ടതെന്നും പിള്ളയുടെ അഭിഭാഷകന്‍ ഹര്‍ജിയില്‍ പറയുന്നു.
ഒരു ബലാത്സംഗ കേസില്‍ വനിതാ കമ്മീഷന്‍ ഹര്‍ജി നല്‍കിയത് തള്ളിക്കളഞ്ഞ കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ നിയമപരവും, വസ്തുനിഷ്ഠവുമായ പിഴവുണ്ട്. കേസില്‍ വി.എസ് നല്‍കിയ അപ്പീലില്‍ വിധി പ്രഖ്യാപിക്കുന്നതിന് തിടുക്കം കാണിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
സാധാരണയായി റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് വിധി പ്രസ്താവിച്ച ജഡ്ജിമാരുടെ ചേംബറില്‍ വച്ചാണ്. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തുറന്ന കോടതിയില്‍ വേണമെന്നും, കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും പിള്ള ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications