ഇന്ത്യാവിഷന്‍ വീണ്ടും കുഞ്ഞാലിക്കുട്ടിക്കെതിരെ

കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ മൊഴിമാറ്റിയതിനെക്കുറിച്ചും ഹൈകോടതി ജഡ്ജിമാര്‍ക്ക് പണം കൊടുത്ത് അനുകൂല വിധി നേടിയതിനെ കുറിച്ചും രേഖകള്‍ പുറത്തുവിട്ട് കേരള രാഷ്ട്രീയം ഇളക്കിമറിച്ച ഇന്ത്യാവിഷന്‍ ചാനല്‍ ഇപ്പോള്‍ കോതമംഗലം പെണ്‍വാണിഭ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ ആദ്യമൊഴികളാണ് പുറത്തുവിട്ടത്.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എംകെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ നേരത്തെ കേസ് അട്ടിമറിച്ച രേഖകളും ഒളിക്യാമറ റിപ്പോര്‍ട്ടുകളും പുറത്തുവിട്ടത് ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഇന്ത്യാവിഷന്‍ ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ശനിയാഴ്ച ചാനല്‍ കോതമംഗലം പെണ്‍വാണിഭ രേഖ പുറത്തുവിട്ടത്. ഇതു സംബന്ധിച്ച കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കോതമംഗലം കേസിലെ ഇരയായ പെണ്‍കുട്ടിയെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചത് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ കിട്ടിയിരുന്നു.
ഐസ്‌ക്രീം കേസ് മൊഴിമാറ്റ രേഖകള്‍ പുറത്ത്‌വിട്ടതോടെ പ്രതിരോധത്തിലായ മുനീര്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാവിഷന്റെ ഓഹരി ഉടമകളുടെ ഒരു വിഭാഗം യോഗം ചേര്‍ന്ന് കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ മുനീര്‍ ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ചാനല്‍ പദവി വിട്ടൊഴിയാനുള്ള നീക്കമില്ലെന്ന് കൂടി മുനീര്‍ ഇതിലൂടെ പാര്‍ട്ടിയ്ക്ക് നല്‍കിയിരുന്നു. ഇതോടെ യഥാര്‍ഥത്തില്‍ വെട്ടിലായത് മുസ്ലീം ലീഗായിരുന്നു.
വിവാദത്തിന്റെ ശക്തി കുറഞ്ഞുതുടങ്ങുന്ന വേളയില്‍ ഇന്ത്യാവിഷന്റെ പുതിയ നീക്കം ലീഗ് അണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച കോഴിക്കോട്ട് ചേരുന്ന ലീഗ് സെക്രേട്ടറിയറ്റില്‍ ചാനലിന്റെ പുതിയ വെളിപ്പെടുത്തലും ചര്‍ച്ചയാവുമെന്നാണ് സൂചന.












Click it and Unblock the Notifications