യൂത്തന്‍മാരുടെ പോര് മറ്റുജില്ലകളിലേക്കും
കൊച്ചി: പിജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തെരുവ് യുദ്ധം മറ്റു ജില്ലകളിലേക്കും. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ഏറ്റുമുട്ടിയതിനു പിന്നാലെ ഞായറാഴ്ച കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കെ.എം. മാണിയുടെ കോലം കത്തിച്ചു.
ഈരാറ്റുപേട്ടയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാണി ഗ്രൂപ്പിനെതിരേ തെരുവിലിറങ്ങി. കാഞ്ഞിരപ്പള്ളിയില്‍ യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇതിനെതിരേ പ്രകടനം നടത്തി.
പിജെ ജോസഫിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കില്ലെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. തൊടുപുഴയില്‍ പി.ജെ. ജോസഫിനെയും കോതമംഗലത്ത് ടി.യു. കുരുവിളയെയും സ്ഥാനാര്‍ഥികളായി അംഗീകരിക്കില്ലെന്നു കാണിച്ച് അടുത്ത ദിവസം തന്നെ യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കുമെന്ന് സൂചനകളുണ്ട്. ഇതേ മാതൃക മധ്യ കേരളത്തിലെ മറ്റു യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും സ്വീകരിക്കുമെന്നു സംഘടനാ നേതാക്കള്‍ അറിയിച്ചു.
അതിനിടെ കേരള കോണ്‍ഗ്രസിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന പരാതി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.












Click it and Unblock the Notifications