ലോട്ടറി: വിഎസിന്റെ മകനെതിരെ യുഡിഎഫ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഒറ്റതിരിഞ്ഞ് ആക്രമിയ്ക്കുകയെന്ന മുന്നണിയോഗം തീരുമാനം പ്രതിപക്ഷം നിയമസഭയില്‍ ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രിയും നീങ്ങിയതോടെ നിയമസഭ ബഹളത്തില്‍ മുങ്ങി.
ലോട്ടറി വിഷയത്തില്‍ കോണ്‍ഗ്രസ് അംഗം വി.ഡി സതീശന്‍ ഉന്നയിച്ച സബ്മിഷനിലൂടെയാണ് പ്രതിപക്ഷം തങ്ങളുടെ തന്ത്രം സഭയില്‍ നടപ്പാക്കിയത്. ലോട്ടറിക്കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. അരുണ്‍കുമാറിന് ഓണ്‍ലൈന്‍ ലോട്ടറി മാഫിയയുമായി ബന്ധമുണ്ട്. അരുണ്‍കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന് സതീശന്‍ ആരോപിച്ചു. ലോട്ടറി വിഷയത്തില്‍ കേന്ദ്രമന്ത്രി പി.ചിദംബരം അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവച്ചത് ഇതിനാലാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
മറുപടിയുമായി എഴുന്നേറ്റ വിഎസ്, തന്റെ മകനോ ഓഫീസിനോ ലോട്ടറി മാഫിയയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. ചിദംബരത്തിന്റെ കത്ത് തന്റെ ഓഫീസ് പൂഴ്ത്തിയിട്ടില്ല. ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയച്ച അത്തിനാണ് ചിദംബരം മറുപടി അയച്ചത്.
ലോട്ടറി മാഫിയയെ സഹായിക്കാന്‍ ചിദംബരവും ഭാര്യ നളിനി ചിദംബരവുമാണ് കോടതികള്‍ കയറിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി ചുട്ടമറുപടി നല്‍കി,. ലോട്ടറിക്കേസില്‍ കോണ്‍ഗ്രസിന്റെ നിലപാടാണ് മനു അഭിഷേക് സിംഗ്‌വി കേരള ഹൈക്കോടതിയിലെത്തി അറിയിച്ചത്. സിങ്‌വിയെ കോണ്‍ഗ്രസ് തിരിച്ചെടുത്തകാര്യവും വിഎസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രകോപിതരായ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി ബഹളം വച്ചു.
സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കി ഇരിപ്പിടത്തിലേക്ക് അയച്ചതോടെ ഇടമലയാര്‍ കേസില്‍ പ്രതിപക്ഷം തനിക്കെതിരെ നടക്കുന്ന ആരോപണത്തിന് മറുപടിയുമായി വി.എസ് എത്തി. പ്രതിപക്ഷം ആരോപിക്കുന്നപോലെ കേസുമായി ബന്ധപ്പെട്ട് തന്റെ ഓഫീസില്‍ നിന്ന് ആരും സുപ്രീം കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പ്രതിപക്ഷത്തിന് ആരുടെയെങ്കിലും പേര് അറിയാമെങ്കില്‍ വ്യക്തമാക്കണം. കേസില്‍ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചതായി അറിവുണ്ടെങ്കില്‍ സുപ്രീം കോടതിയും അക്കാര്യം വ്യക്തമാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഇടമലയാറിന് പിന്നാലെ വിഎസ് കുഞ്ഞാലിക്കുട്ടിയും ഐസ്‌ക്രീം പാര്‍ലറും എടുത്തിട്ടതോടെ പ്രതിപക്ഷം വീണ്ടും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. തുടര്‍ന്ന് സഭ ചൊവ്വാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications