രാഹുല്‍ രഹസ്യമായി എത്തിയതെന്തിന്? രാജേഷ്
തിരുവനന്തപുരം: റൗള്‍ എന്ന വ്യാജപേരില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രഹസ്യമായി കേരളത്തില്‍ എത്തിയതെന്തിനാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ്.
രാഹുലിന്റെ സന്ദര്‍ശനത്തിനുള്ള പിന്നിലുള്ള ദുരൂഹത അകറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി 16നാണ് റൗള്‍ എന്ന പേരിലെത്തിയ രാഹുല്‍ ഇറങ്ങിയത്. ബാംഗ്ലൂരില്‍ നിന്നാണ് കരിപ്പൂരില്‍ എത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് ശേഷം, രാഹുല്‍ എങ്ങോട്ടു പോയെന്ന് ആര്‍ക്കും അറിയില്ല. സത്യത്തില്‍, എന്തിനാണ് രാഹുല്‍ കേരളത്തില്‍ എത്തിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു- രാജേഷ് പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളം സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ എസ്പിക്ക് പോലും സെഡ് കാറ്റഗറി സുരക്ഷയുള്ള രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. റൗള്‍ എന്ന വ്യാജ പേരിലാണു കിംഗ്ഫിഷര്‍ വിമാനത്തില്‍ രാഹുല്‍ഗാന്ധി യാത്ര ചെയ്തത്. എന്തായിരുന്നു രാഹുലിന്റെ ലക്ഷ്യം? കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
വിവിഐപിയായ രാഹുല്‍ വരുന്നതിനെ പറ്റി വിമാനക്കമ്പനിക്കോ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ സന്ദര്‍ശനത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. വിമാനമിറങ്ങി രാഹുല്‍ഗാന്ധി കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനത്തില്‍ കയറുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍, ആര്‍ക്കും പിടികൊടുക്കാതെ രാഹുല്‍ കരിപ്പൂര്‍ വിടുകയായിരുന്നു-രാജേഷ് ചൂണ്ടിക്കാട്ടി.
കരിപ്പൂരില്‍ നിന്നും കോഴിക്കോട്ടോയ്ക്ക് പോയ രാഹുലിനെ തിരഞ്ഞ് രാത്രിമുഴുവന്‍ വാഴക്കാട് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. സംഭവം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കാതെ കേരളത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്നത് സംസ്ഥാന പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്. വിവിഐപികളുടെ രഹസ്യ സന്ദര്‍ശനങ്ങളെ കുറിച്ച് സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികളെയെങ്കിലും മുന്‍കൂട്ടി അറിയിക്കുന്ന കീഴ്‌വഴക്കം രാഹുലിന്റെ കാര്യത്തില്‍ പാലിക്കുന്നില്ലെന്ന് പൊലീസിന് ആക്ഷേപമുണ്ട്.












Click it and Unblock the Notifications