ഉത്തര്‍പ്രദേശ് സ്‌കൂളില്‍ പുതിയ ദേശീയഗാനം!!
ലഖ്‌നൊ: ദേശീയ ഗാനത്തിലും ദേശീയ പതാകയിലുമൊന്നും മാറ്റം വരുത്താനോ അപമാനിക്കാനോ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ആലപിക്കുന്ന ദേശീയ ഗാനം കേട്ടാല്‍ പൊതുവേ നമ്മുടെ ദേശീയ ഗാനം കേട്ടുശീലിച്ചവരെല്ലാം ഒന്നു ഞെട്ടും.
അത്രയ്ക്ക് മാറ്റങ്ങളാണ് സ്‌കൂളുകാര്‍ ദേശീയ ഗാനത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ലോര്‍ഡ് ബുദ്ധ അംബേദ്കര്‍ അര്‍ജക് മിഷന്‍ പബ്ലിക് സ്‌കൂളിലാണ് ദേശീയ ഗാനം മാറ്റിപ്പാടുന്നത്. ഇക്കാര്യം ശരിയാണോയെന്ന് സ്‌കൂള്‍ മാനേജര്‍ രഘുനാഥ് സിങിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒട്ടും കുറ്റബോധമില്ല.
നമ്മുടെ ദേശീയ ഗാനം ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജാവിനെ പുകഴ്ത്തിക്കൊണ്ട് രബീന്ദ്രനാഥ ടാഗോര്‍ എഴുതിയതാണെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. ഇതാണ് സത്യമെന്ന് വിശ്വസിക്കുന്ന തന്നേപ്പോലെ ഒട്ടേറെപ്പേര്‍ ഉണ്ടെന്നും ഇയാള്‍ പറയുന്നു.
നിലവിലെ ജനാധിപത്യസംവിധാനത്തിന് യോജിക്കാത്ത വാക്കുകള്‍ എടുത്ത് മാറ്റിയാണ് തങ്ങള്‍ പുതിയ ദേശീയ ഗാനം ചിട്ടപ്പെടുത്തിയതെന്നും രഘുനാഥ് പറയുന്നു. അധിനായക്, ഭാരത് ഭാഗ്യവിധാതാ എന്നിങ്ങനെയുള്ള വാക്കുകളാണ് ഉദാഹരണമായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
അധിനായക് എന്ന വാക്ക് ഏകാധിപത്യത്തെ സൂചിപ്പിക്കുന്നതാണെന്നും ഇത്തരത്തിലൊരു വാക്ക് ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ദേശീയഗാനത്തില്‍ പാടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. ഇങ്ങനെ ഓരോ മാറ്റത്തിനും രഘുനാഥ് തന്റേതായ വിശദീകരണം നല്‍കുന്നു.
കഴിഞ്ഞ കുറെ ആഴ്ചകളായി സ്‌കൂളില്‍ മാറ്റം വരുത്തിയ ദേശീയഗാനമാണ് ആലപിക്കുന്നത് എന്ന് വിദ്യാര്‍ഥികളും വെളിപ്പെടുത്തുന്നു. എന്തായാലും, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും ആവശ്യമെങ്കില്‍ നടപടിയെടുക്കാനുമെല്ലാം ഒരുങ്ങുകയാണ്.












Click it and Unblock the Notifications