മൂന്നാം ബജറ്റുമായി മമത; പ്രതീക്ഷയോടെ കേരളം

ചെലവുചുരുക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ റെയില്‍ യാത്രാ സുരക്ഷ, പ്രത്യേക തീവണ്ടികള്‍, യുവാക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും മുന്‍ഗണന നല്‍കുമെന്നാണ് കരുതപ്പെടുന്നത്. യാത്രാക്കൂലിയില്‍ വര്‍ധനവുണ്ടാകില്ലെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കേരളം പശ്ചിമബംഗാള്‍ എന്നിവ ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. ഇവ മുന്നില്‍കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
മമതാ ബാനര്‍ജി രണ്ടുവര്‍ഷംമുമ്പ് അവതരിപ്പിച്ച വിഷന്‍2020 രേഖ നടപ്പാക്കാന്‍ ഓരോ ബജറ്റിലും നിശ്ചിത തുക അനുവദിക്കാനും സമയബന്ധിതമായി അവ നടപ്പാക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ബജറ്റുകളിലെ പല തീരുമാനങ്ങള്‍ക്കൊപ്പം ഇതും കടലാസില്‍ ഒതുങ്ങുകയായിരുന്നു.
റയില്‍വേയ്ക്ക് വേണ്ട സാമഗ്രികള്‍ നിര്‍മിക്കുന്നതിന് സ്വന്തമായൊരു വ്യവസായപാര്‍ക്കിന് ഈ ബജറ്റില്‍ നിര്‍ദേശമുണ്ടായേക്കും. കൊങ്കണ്‍ പാത വഴി പുതിയതായി മൂന്നു വണ്ടികളെങ്കിലും ഓടുമെന്നാണ് റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ട്രെയിനുകള്‍ നവീകരിക്കാനും ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
കേരളം ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കാര്യത്തിലും പാലക്കാട്ടെ കോച്ച് ഫാക്ടറിയുടെ കാര്യത്തിലുമാണ് കേരളത്തിന്റെ പ്രധാന പ്രതീക്ഷ.
ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുക, മതിയായ ഫണ്ടനുവദിച്ച് പാത വൈദ്യുതീകരിക്കുക, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തീവണ്ടികള്‍ ഉടന്‍ സര്‍വീസ് തുടങ്ങുക, സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ഒഴിവ് നികത്തുക, നിലവിലുള്ള തീവണ്ടികളില്‍ ബോഗികള്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങളില്‍ തീരുമാനമാകും എന്നാണ് കേരളത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications