സ്‌പെക്ട്രം അഴിമതി: ജെപിസി രൂപീകരിച്ചു

ലോക്‌സഭയില്‍ നിന്നുള്ള 20 അംഗങ്ങളും രാജ്യസഭയില്‍ നിന്നുള്ള പത്തംഗങ്ങളും സമിതിയിലുണ്ടാകും. ലോക്‌സഭയില്‍ നിന്നുള്ളവരെ തീരുമാനിച്ചുകഴിഞ്ഞു. രാജ്യസഭയില്‍ നിന്നുള്ളവര്‍ ആരൊക്കെയെന്നകാര്യം പിന്നീട് തീരുമാനിക്കും.
30 അംഗ ജെപിസിക്ക് രൂപം നല്‍കുന്നതിനുള്ള പ്രമേയം ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു.
ടെലികോം, സ്‌പെക്ട്രം ലൈസന്‍സ് വിതരണം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ ടെലികോം മേഖലയുമായി ബന്ധപ്പെട്ട് 1998-2009 കാലത്തെടുത്ത നയസമീപനങ്ങള്‍ ജെപിസിപരിശോധിക്കും.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുംമുമ്പ് സമിതി റിപ്പോര്‍ട്ട് നല്‍കും. ടെലികോം ലൈസന്‍സുകള്‍ നല്‍കുന്നതില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും നയങ്ങളും സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെക്കും.
ജെപിസി രൂപവത്കരിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു.
ജെ.പി.സി. രൂപവത്കരിക്കുന്ന പ്രമേയ അവതരണ ചര്‍ച്ച ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ ഭിന്നതയ്ക്ക് വേദിയായി. ജെ.പി.സി. ആവശ്യം അംഗീകരിക്കാന്‍ ഇത്രയും കാലതാമസം വരുത്തിയതിന് പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഈ ആവശ്യം അംഗീകരിക്കാതെ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് വരുന്നത് ജനാധിപത്യത്തിന് തികച്ചും അപകടകരമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. പാര്‍ലമെന്ററി വ്യവസ്ഥയ്‌ക്കെതിരായ വിദ്വേഷം വളരാന്‍ അനുവദിച്ചാല്‍ അത് ഭരണഘടനാബാഹ്യശക്തികള്‍ ഉയര്‍ന്നുവരാന്‍ ഇടനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജെ.പി.സി. വേണമെന്ന തങ്ങളുടെ ആവശ്യം ഭരണഘടനാ വിരുദ്ധമോ തെറ്റായതോ ആയിരുന്നില്ലെന്നും ഇതിന്റെ പേരില്‍ പ്രതിപക്ഷത്തിനെതിരെ പ്രണബ് മുഖര്‍ജി നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് കുറ്റപ്പെടുത്തി.
ലോക്‌സഭയില്‍ നിന്നുള്ള ജെപിസി അംഗങ്ങള്‍
പി.സി. ചാക്കോ, പി. കിഷോര്‍ ചന്ദ്രദിയോ, ടി.ആര്‍.ബാലു, കല്ല്യാണ്‍ ബാനര്‍ജി, ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, ഹരിന്‍ പാംക്, ഗോപിനാഥ് മുണ്ടെ, പബന്‍ സിങ് ഘടോവാര്‍, ജയ്പ്രകാശ് അഗര്‍വാള്‍, ദീപേന്ദര്‍ സിങ് ഹൂഡ, മനീഷ് തിവാരി, നിര്‍മല്‍ ഖത്രി, അഥിര്‍ രഞ്ചന്‍ ചൗധരി, ശരത് യാദവ്, ദാരാസിങ് ചൗഹാന്‍, അഖിലേഷ് യാദവ്, ഗുരുദാസ് ദാസ് ഗുപ്ത, അര്‍ജുന്‍ ചരണ്‍ സേത്തി, ഡോ. എം. തമ്പിദുരൈ എന്നിവരാണ് ലോക്‌സഭയില്‍ നിന്നുള്ള അംഗങ്ങള്‍. അംഗങ്ങളില്‍ നിന്ന് ഒരാളെ സമിതി ചെയര്‍മാനായി സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യും.












Click it and Unblock the Notifications